News - 2024
അമേരിക്കയിൽ ഗര്‍ഭഛിദ്രത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം യുഎസ് സുപ്രീം കോടതി റദ്ദാക്കി
സ്വന്തം ലേഖകന്‍ 28-06-2016 - Tuesday
വാഷിംഗ്ടണ്‍: ഗര്‍ഭഛിദ്രം സംബന്ധിച്ച് അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനം നടപ്പിലാക്കിയ ചില നിയമങ്ങള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കി. ഗര്‍ഭഛിദ്രത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം. മൂന്നു ന്യായാധിപര്‍ ടെക്‌സാസ് സംസ്ഥാനത്തിന്റെ നിയമത്തിനു വേണ്ടി നിലകൊണ്ടപ്പോള്‍ അഞ്ചു പേര്‍ അതിനെ എതിര്‍ത്തു രംഗത്ത് വന്നു. ജനസംഖ്യയുടെ കാര്യത്തില്‍ യുഎസിലെ രണ്ടാമത്തെ സംസ്ഥാനമാണ് ടെക്‌സാസ്. ടെക്‌സാസിലെ പുതിയ നിയമങ്ങള്‍ സ്ത്രീകളുടെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് നിയമത്തെ എതിര്‍ക്കുന്നവര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.
സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് 2013-ല്‍ ടെക്‌സാസ് സംസ്ഥാനം ഗര്‍ഭഛിദ്രത്തിനു കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയ നിയമം കൊണ്ടുവന്നത്. ചെറു ക്ലിനിക്കുകളില്‍ ഔട്ട് പേഷ്യന്റായി വരുന്നവരെ ഗര്‍ഭഛിദ്രത്തിനു വിധേയരാക്കണമെങ്കില്‍ നിയമത്തില്‍ പറയുന്ന ഗുണനിലവാരമുള്ള ആശുപത്രി സജ്ജീകരണങ്ങള്‍ ക്ലിനിക്കുകളില്‍ ലഭ്യമായിരിക്കണമെന്നും വ്യവസ്ഥ നിലനിന്നിരുന്നു. ഗര്‍ഭഛിദ്രത്തിനു വേണ്ടി മാത്രം ടെക്‌സാസില്‍ പ്രവര്‍ത്തിച്ചിരുന്ന പല ചെറു ക്ലിനിക്കുകളും നിയമം കര്‍ശനമായതോടെ പൂട്ടിപോയി.
"ഗര്‍ഭഛിദ്രത്തിനെ കുറയ്ക്കുവാന്‍ എന്തെങ്കിലും ഒരു മാര്‍ഗം തേടുമ്പോള്‍ അതിനെതിരെ എതിര്‍ത്ത് വാദങ്ങള്‍ ഉന്നയിക്കുന്നത് പതിവായിരിക്കുകയാണ്. ഫെബ്രുവരിയില്‍ നിയമത്തിന്റെ പരിരക്ഷയോടെ തന്നെ ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീ മരിച്ച സംഭവം ആരും മറക്കരുത്". ജസ്റ്റീസ് ക്ലാരന്‍സ് തോമസ് പറഞ്ഞു.
2013 ടെക്‌സാസ് ഗവര്‍ണറായിരുന്ന റിക്കി പെറിയാണ് ഗര്‍ഭഛിദ്രത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ ബില്ലില്‍ ഒപ്പിട്ടത്. നിയന്ത്രണം എന്നതു കൊണ്ട് ഗര്‍ഭഛിദ്രം നടത്തുവാന്‍ പാടില്ല എന്നു ബില്‍ വ്യവ്യസ്ഥ ചെയ്യുന്നില്ല. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് പല ക്ലിനിക്കുകളും ടെക്‌സാസില്‍ പ്രവര്‍ത്തിച്ചിരുന്നത്. ശക്തമായ നിയമത്തിലൂടെ ഗുണനിലവാരമില്ലാത്ത ക്ലിനിക്കുകളില്‍ ഗര്‍ഭഛിദ്രം നടത്തുന്ന പ്രവണതയ്ക്ക് വന്‍ തോതില്‍ കുറവ് വന്നിരുന്നു. 40 ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചിരുന്ന നഗരത്തില്‍ നിയമം ശക്തമായതോടെ 20-ല്‍ അധികം ക്ലിനിക്കുകള്‍ പൂട്ടിപോയി. ബില്ലിലെ മറ്റു വ്യവസ്ഥകള്‍ കൂടി നടപ്പിലാക്കിയിരുന്നുവെങ്കില്‍ കൂടുതല്‍ ക്ലിനിക്കുകള്‍ക്ക് താഴുവീഴുമായിരുന്നു.