News

മരണത്തിനു മുന്നില്‍ മാത്രമല്ല; മരിച്ചു കഴിഞ്ഞും പുഞ്ചിരിയോടെ സിസ്റ്റര്‍ സിസിലിയ

സ്വന്തം ലേഖകന്‍ 27-06-2016 - Monday

ബ്യൂണസ്‌ഐറിസ്: കൊടിയ വേദനയുടെ നടുവിലും ആര്‍ക്കാണ് ചിരിച്ചു കൊണ്ട് മരിക്കുവാന്‍ സാധിക്കുക. ആരാലും കഴിയാത്ത ഈ അവസ്ഥ പ്രാപിച്ചിരിക്കുകയാണ് അര്‍ജന്റീനയിലെ ഒരു കന്യാസ്ത്രീ. 'കര്‍മലീറ്റിന്‍ ഓഫ് സാന്റാ ഫീ' എന്ന സന്യാസ സമൂഹത്തിലെ കന്യസ്ത്രീയായ സിസിലിയ മരിക്കുവാന്‍ തുടങ്ങിയപ്പോള്‍ ചുറ്റും നിന്നവര്‍ അമ്പരുന്നു. തന്റെ വേദനയില്‍ തന്നെ ആശ്വസിപ്പിക്കുവാന്‍ വന്നിരിക്കുന്ന ഏവരേയും ആശ്ചര്യപ്പെടുത്തി സിസ്റ്റര്‍ സിസിലിയ പുഞ്ചിരിച്ചു.

മരണത്തോട് അടുക്കുന്ന ഒരോ വേളയിലും കന്യാസ്ത്രീയുടെ പുഞ്ചിരി കൂടുതല്‍ തെളിവായി മുഖത്ത് വന്നു. മരിച്ച നിമിഷം പുഞ്ചിരി അതിന്റെ നെറുകയില്‍ എത്തി. പിന്നെ ആ മുഖത്ത് അങ്ങനെ തന്നെ തുടര്‍ന്നു. ഏറെ നാളുകളായി ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു സിസ്റ്റര്‍ സിസിലിയ.

കന്യാസ്ത്രീ മരിച്ച വിവരം മഠം ഔദ്യോഗികമായി പുറത്തിറക്കിയ കുറിപ്പിലൂടെയാണ് അറിയിച്ചത്. ഞങ്ങളുടെ കുഞ്ഞുപെങ്ങള്‍ ദൈവത്തില്‍ നിദ്രപ്രാപിച്ചുവെന്നും എപ്പോഴും അവളില്‍ നിങ്ങള്‍ കണ്ട സന്തോഷം തന്റെ നിത്യമണവാളനെ കാണുവാന്‍ പുറപ്പെടുമ്പോഴും അവളുടെ മുഖത്ത് ഉണ്ടായിരുന്നുവെന്നും കുറിപ്പ് പറയുന്നു. ദുഃഖത്തില്‍ ആശ്വസിപ്പിച്ച എല്ലാവരേയും മഠം നന്ദി അറിയിച്ചിട്ടുമുണ്ട്. മരണത്തിന്റെ കഠിന വേദനയിലും മരണത്തിനു മേലുള്ള ക്രിസ്തുവിന്റെ വിജയം നല്‍കുന്ന പ്രത്യാശയുടെ സന്തോഷമാണ് കന്യാസ്ത്രീയുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നത്.

More Archives >>

Page 1 of 53