News - 2025

ഭ്രൂണഹത്യവാദികളായ രാഷ്ട്രീയക്കാര്‍ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും സ്വയം മാറി നില്‍ക്കണം: ലാസ് വെഗാസ് മെത്രാന്‍

പ്രവാചകശബ്ദം 03-02-2022 - Thursday

ലാസ് വെഗാസ്: ഭ്രൂണഹത്യ സംബന്ധിച്ച തിരുസഭയുടെ പ്രബോധനങ്ങള്‍ അംഗീകരിക്കാത്ത കത്തോലിക്ക രാഷ്ട്രീയക്കാര്‍ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും സ്വയം മാറിനില്‍ക്കണമെന്ന് അമേരിക്കന്‍ നഗരമായ ലാസ് വേഗാസിലെ ബിഷപ്പ് ജോര്‍ജ്ജ് തോമസ്. ഡെമോക്രാറ്റിക്‌ പ്രതിനിധി സൂസി ലീ ‘ലാസ് വെഗാസ് സണ്‍’ദിനപത്രത്തില്‍ എഴുതിയ ഭ്രൂണഹത്യ അനുകൂല പംക്തിയോട് ഔദ്യോഗികമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക രാഷ്ട്രീയക്കാര്‍ തങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിലേക്ക് നോക്കുവാനും, മനുഷ്യ ജീവിതത്തിന്റ അന്തസ്സിനെ കുറിച്ചും സഭയുടെ ധാര്‍മ്മിക ബോധ്യത്തെക്കുറിച്ചും പുനപരിശോധിക്കണമെന്നുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ലാസ് വെഗാസ് ബിഷപ്പ് ജോര്‍ജ്ജ് തോമസ്‌ പ്രസ്താവിച്ചു.

മനുഷ്യ ജീവിതത്തിന്റെ പവിത്രതയെകുറിച്ചുള്ള സഭാ പ്രബോധനത്തില്‍ ലാസ് വെഗാസ് രൂപതയിലെ ഏതെങ്കിലും കത്തോലിക്ക രാഷ്ട്രീയക്കാരന് വിയോജിപ്പുണ്ടെങ്കില്‍ ദയവായി ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും സ്വയം മാറിനില്‍ക്കണം. ഇക്കാര്യത്തില്‍ സഭാ പ്രബോധനത്തോട് വിരുദ്ധമായ നിലപാടുള്ള രാഷ്ട്രീയക്കാരുമായി സ്വകാര്യ സംഭാഷണത്തിന് താന്‍ ഒരുക്കമാണെന്നും ബിഷപ്പ് പറയുന്നു. ഗര്‍ഭഛിദ്ര അവകാശത്തെ ഒരു നിയമമായി ക്രോഡീകരിക്കണമെന്നു സൂസി ലീ തന്റെ പംക്തിയിലൂടെ അമേരിക്കന്‍ സെനറ്റിനോട് ആവശ്യപ്പെട്ടു. നിയമപരമായ അബോര്‍ഷന് വേണ്ടിയുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ ഒരു വക്താവാണ്‌ താനെന്നും ലീ പറയുന്നുണ്ട്.

അനിയന്ത്രിതമായ പ്രത്യുല്‍പ്പാദന പരിപാലനത്തേക്കുറിച്ച് മാത്രമാണ് ലീ സംസാരിക്കുന്നതെന്നും, കഴിഞ്ഞ 49 വര്‍ഷങ്ങള്‍ക്കിടയില്‍ അബോര്‍ഷനിലൂടെ ഇല്ലാതായ 6 കോടി ശിശുക്കളില്‍ തന്റെ നിലപാട് എന്ത് അനന്തരഫലമാണ് ഉണ്ടാക്കിയതെന്നതിനെ കുറിച്ച് ലീ യാതൊന്നും പറയുന്നില്ലെന്നും ബിഷപ്പ് തോമസ്‌ ചൂണ്ടിക്കാട്ടി. ദിവ്യകാരുണ്യം സംബന്ധിച്ച അമേരിക്കന്‍ മെത്രാന്‍മാരുടെ 2021-ലെ രേഖയില്‍ ഒരു കത്തോലിക്ക വിശ്വാസി വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് സഭാ പ്രബോധനങ്ങളേ തിരസ്കരിക്കുന്നുണ്ടെങ്കില്‍ അവര്‍ സഭയുമായുള്ള ഐക്യത്തില്‍ നിന്നും പുറത്താക്കപ്പെടുമെന്നു പറഞ്ഞിരിക്കുന്ന കാര്യവും ബിഷപ്പ് പ്രസ്താവനയില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

കത്തോലിക്കനും അതേസമയം അബോര്‍ഷന്‍ അനുകൂലിയുമായ ജോ ബൈഡന്‍ അധികാരത്തിലേറിയ ശേഷമാണ് ദിവ്യകാരുണ്യ സ്വീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ അമേരിക്കയില്‍ ചൂടുപിടിച്ചിരിക്കുന്നത്. ബൈഡനും ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും സ്വയം മാറി നില്‍ക്കണമെന്ന്‍ സമീപകാലത്ത് 'ലാസ് വെഗാസ് സണ്‍’ന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് തോമസ്‌ പറഞ്ഞിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 734