News - 2025
പ്രതികാര ചിന്തയില്ല, പക്ഷേ നീതി നടപ്പിലാക്കണം: വിയറ്റ്‌നാമില്‍ കൊല്ലപ്പെട്ട യുവ വൈദികന് നീതി തേടി വിശ്വാസികള്‍
പ്രവാചകശബ്ദം 14-02-2022 - Monday
ഹോ ചി മിന്‍ സിറ്റി: കുമ്പസാരിപ്പിക്കുന്നതിനിടയില്‍ അക്രമിയുടെ കത്തിയാക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട വിയറ്റ്നാമിലെ യുവ കത്തോലിക്ക വൈദികന്‍ ഫാ. ജോസഫ് ട്രാന്‍ എന്‍ഗോക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി വിയറ്റ്‌നാമിലെ കത്തോലിക്കര്‍. പ്രതികാരമല്ല മറിച്ച് നിയമം നടപ്പിലായി കാണുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നു കൊല്ലപ്പെട്ട വൈദികന്‍ അംഗമായിരുന്ന ഡൊമിനിക്കന്‍ സഭയുടെ സുപ്പീരിയര്‍ പറഞ്ഞു. ഫാ. ജോസഫ് ട്രാന്‍ എന്‍ഗോയുടെ കല്ലറ ഇതിനോടകം തന്നെ കത്തോലിക്കരുടെ മാത്രമല്ല, ബുദ്ധമതക്കാരുടേയും, നിരീശ്വരവാദികളുടെ പോലും തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. വൈദികന്റെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും ഇപ്പോഴും വിയറ്റ്‌നാമിലെ കത്തോലിക്കര്‍ മോചിതരായിട്ടില്ല.
അക്രമത്തെ അക്രമം കൊണ്ട് നേരിടരുതെന്ന ബൈബിള്‍ പ്രബോധനമനുസരിച്ച് കൊലപാതകിക്ക് മാപ്പ് നല്‍കുവാന്‍ പോലും വിയറ്റ്‌നാമിലെ കത്തോലിക്കര്‍ തയ്യാറാണെങ്കിലും, നീതി നടപ്പിലാവണമെന്നും, വൈദികന്‍ എന്തിനാണ് കൊല്ലപ്പെട്ടതെന്ന്‍ അറിയേണ്ടതുണ്ടെന്നും വിശ്വാസി സമൂഹം ഒന്നടങ്കം പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഡൊമിനിക്കന്‍ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ടോമാ അക്വിനോ ഗൂയെന്‍ ട്രുവോങ്ങ്, ഫാ. ജോസഫിന്റെ കുടുംബത്തെ കണ്ട് പിന്തുണ അറിയിക്കുകയും, കേസ് നടത്തുന്നതില്‍ കുടുംബാംഗങ്ങളെ സഹായിക്കുന്ന അഭിഭാഷക സംഘവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിക്കുന്നതിന് ഒരു പ്രതിനിധിയെ നിയോഗിക്കുവാനും ഡൊമിനിക്കന്‍ സഭക്കും, പ്രാദേശിക രൂപതക്കും പദ്ധതിയുണ്ട്.
കൊലപാതകം സംബന്ധിച്ച് സുതാര്യമായ ഒരു അന്വേഷണമാണ് വേണ്ടതെന്നും, ഒരാളുടെ രക്തത്തിന് പകരം മറ്റൊരാളുടെ രക്തമോ പണമോ തങ്ങള്‍ക്കാവശ്യമില്ലെന്നും ഫാ. ടോമാ അക്വീനോ പ്രസ്താവിച്ചു. ജനുവരി 29 ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് മുന്‍പായി വിശ്വാസികളെ കുമ്പസാരിപ്പിക്കുന്നതിനിടയിലാണ് ഫാ. ജോസഫ് അക്രമിയുടെ കുത്തേറ്റ് മരിക്കുന്നത്. ജനുവരി 31-ന് ബിയന്‍ ഹോവായിലെ സെന്റ് മാര്‍ട്ടിന്‍ ആശ്രമത്തില്‍ അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്തു. ഭൗതീകാവശേഷിപ്പുകള്‍ പ്രാദേശിക ഡൊമിനിക്കന്‍ ആശ്രമത്തിനുള്ളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. നിരീശ്വരവാദികള്‍ ഉള്‍പ്പെടെ വിവിധ മതങ്ങളില്‍ പെട്ട നിരവധി ആളുകളാണ് ഫാദര്‍ ജോസഫിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാനുമായി അദ്ദേഹത്തിന്റെ ശവക്കല്ലറയില്‍ എത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.