News - 2025
“ആര് ജീവിക്കണം ആര് മരിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളല്ല”: പാപ്പ ആശീര്‍വദിച്ച 'പ്രോലൈഫ് മണി'യെ സ്വാഗതം ചെയ്ത് ഇക്വഡോര്‍ മെത്രാപ്പോലീത്ത
പ്രവാചകശബ്ദം 15-02-2022 - Tuesday
ഗ്വായാക്വില്‍: ആര് ജീവിക്കണം ആര് മരിക്കണം എന്ന് തീരുമാനിക്കുവാന്‍ നമ്മള്‍ ദൈവമല്ലെന്നും, മതനിരപേക്ഷത വിശ്വാസബോധ്യത്തെ നശിപ്പിക്കുമെന്നും തെക്കേ അമേരിക്കന്‍ രാഷ്ട്രമായ ഇക്വഡോറിലെ ഗ്വായാക്വില്‍ മെത്രാപ്പോലീത്ത മോണ്‍. ലൂയീസ് കബ്രേര. ഇക്കഴിഞ്ഞ ഒക്ടോബറില്‍ വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ച “വോയിസ് ഓഫ് ദി അണ്‍ബോണ്‍” എന്ന പേരിട്ടിരിക്കുന്ന ഭീമന്‍ പ്രോലൈഫ് മണിയെ ഇക്വഡോറിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഫെബ്രുവരി 12ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തന്റേയും, നിലനില്‍ക്കുന്ന സകലത്തിന്റേയും സൃഷ്ടാവാണെന്ന് സ്വയം പ്രഖ്യാപിക്കുവാനുള്ള ത്വരയും, പണം, അധികാരം, പ്രശസ്തി, നിയമം, ശാസ്ത്രം, രാഷ്ട്രീയം എന്നീ പുതിയ സ്വര്‍ണ്ണ കാളക്കുട്ടികളെ നിര്‍മ്മിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന തോന്നലുമാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രലോഭനമെന്നു മെത്രാപ്പോലീത്ത പറഞ്ഞു. ജീവനാകുന്ന സുവിശേഷമെന്ന സദ്‌വാര്‍ത്ത അറിയിക്കുകയാണ് “വോയിസ് ഓഫ് ദി അണ്‍ബോണ്‍” പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് മെത്രാപ്പോലീത്ത വിവരിച്ചു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ‘ഇവാഞ്ചലിയം വിറ്റേ’ എന്ന ചാക്രിക ലേഖനത്തിലെ “ബഹുമാനിക്കുക, സംരക്ഷിക്കുക, എല്ലാ ജീവനേയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക” എന്ന പ്രോലൈഫ് വാചകം മണിയില്‍ ആലേഖനം ചെയ്തിട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടി. അടിമത്വം, ബാലപീഡനം, മനുഷ്യക്കടത്ത് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളുടെ ഗൗരവം നമ്മള്‍ അറിയാതെ പോയിട്ടുണ്ടെന്നും ഇപ്പോള്‍ ഭ്രൂണഹത്യയും അതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും, അതുകൊണ്ടാണ് ‘ഉണരാന്‍ സമയമായി’ എന്ന് പറയുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മനുഷ്യ ജീവന്റെ അന്തസ്സിനു ഭീഷണിയാകുന്നവ എല്ലാം തിന്മയാണെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വിവേചിച്ചറിയുന്നതിന് നമ്മുടെ ധാര്‍മ്മികമായ ബോധ്യം നമ്മെ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 45-ല്‍ പറഞ്ഞിരിക്കുന്നത് പോലെ ഗര്‍ഭധാരണം മുതലുള്ള ജീവന്റെ നിയമപരമായ സംരക്ഷണത്തിനു വേണ്ടിയുള്ള ബോധ്യം വളര്‍ത്തുവാന്‍ നമ്മള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം നല്‍കി. പാപ്പ ആശീര്‍വ്വദിച്ച മണിയുടെ ശബ്ദം കുരുന്നു ജീവനുകളെ ശബ്ദം പോലെയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ പ്രസംഗം അവസാനിപ്പിച്ചത്.