News - 2025

യുക്രൈൻ അഭയാർത്ഥികൾക്ക് ഒരു മില്യൻ ഡോളർ സഹായം പ്രഖ്യാപിച്ച് കത്തോലിക്ക സംഘടന

27-02-2022 - Sunday

വാഷിംഗ്ടണ്‍ ഡി‌സി: റഷ്യയുടെ കടന്നുകയറ്റം ഭയന്ന് രക്ഷതേടി പലായനം ചെയ്യുന്ന യുക്രൈൻ വംശജരായ അഭയാർത്ഥികൾക്ക് കത്തോലിക്കാ സന്നദ്ധ സംഘടനയായ 'നൈറ്റ്സ് ഓഫ് കൊളംബസ്' ഒരു മില്യൻ ഡോളർ സഹായം പ്രഖ്യാപിച്ചു. ഇതുവരെ യുക്രൈനിൽ നിന്ന് 50,000 അഭയാർത്ഥികൾ പോളണ്ടിൽ മാത്രം എത്തിയിട്ടുണ്ട്. ഇതു കൂടാതെ കൂടുതൽ പണം കണ്ടെത്തുന്നതിനായി യുക്രൈൻ സോളിഡാരിറ്റി ഫണ്ട് എന്ന പേരിൽ ഒരു ക്യാമ്പയിനും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. അഭയാർത്ഥികളുടെ ഭക്ഷണം, മരുന്ന്, പാർപ്പിടം, വസ്ത്രം തുടങ്ങിയവയ്ക്കു വേണ്ടി സാമ്പത്തിക സഹായം ഉപയോഗിക്കും. രാജ്യത്തെ ലത്തീൻ, ഗ്രീക്ക് കത്തോലിക്ക റീത്തുകളോടും, മറ്റ് സന്നദ്ധ സംഘടനകളോടും ചേർന്ന് സംയുക്തമായിട്ടായിരിക്കും നൈറ്റ്സ് ഓഫ് കൊളംബസ് സഹായങ്ങൾ വിതരണം ചെയ്യുന്നത്.

യുക്രൈനിലെ അവസ്ഥ വളരെ ഭയാനകവും, മോശമാണെന്നും, അവിടുത്തെ ജനങ്ങൾക്കും, സംഘടനയിലെ അംഗങ്ങൾക്കും സഹായം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 25നു സുപ്രീം നൈറ്റ് പാട്രിക് കെല്ലി നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങൾക്ക് കത്തെഴുതിയിരുന്നു. ആയിരത്തിഎണ്ണൂറോളം ആളുകൾ സംഘടനയ്ക്ക് യുക്രെയിനിൽ അംഗങ്ങളായിട്ടുണ്ട്. അത്യന്തം അപകടകരമായ ഈ ദിവസങ്ങളിൽ അവർക്കു വേണ്ടിയും, അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും, രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ടെന്ന ആമുഖത്തോടെയുള്ള ഒരു വീഡിയോ സന്ദേശവും പാട്രിക് കെല്ലി പുറത്തുവിട്ടിരുന്നു.

അതേസമയം യുദ്ധത്തെ തുടർന്ന് 4 കോടി 10 ലക്ഷം ജനങ്ങളുള്ള യുക്രൈനിൽ 50 ലക്ഷത്തിന് മുകളിൽ ആളുകൾ അഭയാർഥികളായി മാറുമെന്നാണ് കരുതപ്പെടുന്നത്. 18നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ രാജ്യത്ത് നിന്ന് പോരാടുമ്പോൾ, സ്ത്രീകളും, കുട്ടികളുമാണ് കൂടുതലായും പലായനം ചെയ്യുന്നത്. വലിയ ആക്രമണമാണ് റഷ്യ രാജ്യതലസ്ഥാനമായ കീവിലും, മറ്റ് പ്രമുഖ പട്ടണങ്ങളിലും അഴിച്ചുവിട്ടിരിക്കുന്നത്. ആയുധം താഴെ വെക്കുകയില്ലായെന്നും, രാജ്യത്തിനുവേണ്ടി പോരാടുന്നത് തുടരുമെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി കീവിൽ നിന്നും ചിത്രീകരിച്ച ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

More Archives >>

Page 1 of 740