News - 2025

യുദ്ധത്തിനിടെ അർമേനിയൻ കത്തീഡ്രലിലെ ക്രൂശിതരൂപം ബങ്കറിലേക്ക് മാറ്റി

പ്രവാചകശബ്ദം 08-03-2022 - Tuesday

ലിവിവ്: റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ ലിവിവിലുളള അർമീനിയൻ കത്തീഡ്രൽ ദേവാലയത്തിൽ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് ക്രിസ്തുവിന്റെ ക്രൂശിതരൂപം മാറ്റുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകര്‍ഷിക്കുന്നു. ടിം ലി ബെർ എന്നയാളാണ് മാർച്ച് അഞ്ചാം തീയതി ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അഞ്ച് പുരുഷന്മാർ ക്രൂശിതരൂപം വഹിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാൻ സാധിക്കും. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുളള യാത്രക്കുവേണ്ടി ക്രൂശിതരൂപം പൊതിഞ്ഞ് വെച്ചിരിക്കുന്ന മറ്റൊരു ചിത്രവും ടിം ലി ബെർ പിന്നാലെ പോസ്റ്റ് ചെയ്തിരുന്നു. ഒരു ബങ്കറിൽ ക്രൂശിതരൂപം സൂക്ഷിക്കുമെന്ന് അദ്ദേഹം അടിക്കുറിപ്പിൽ പരാമർശിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് ഏറ്റവും ഒടുവിലായി ക്രൂശിതരൂപം ദേവാലയത്തിൽ നിന്ന് നീക്കം ചെയ്യുന്നത്.

1363ൽ പണികഴിപ്പിച്ച അർമേനിയൻ ദേവാലയം യുദ്ധങ്ങൾ അടക്കമുള്ള നിരവധി പ്രതിസന്ധികളെ അതിജീവിച്ചിരിന്നു. 1600 മുതൽ 1945 വരെ ലിവിവിലെ അർമേനിയൻ കത്തോലിക്ക വിശ്വാസികളാണ് കത്തീഡ്രൽ ദേവാലയം ഉപയോഗിച്ചിരുന്നത്. 1945ൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ദേവാലയം സോവിയറ്റ് സേന പിടിച്ചടക്കി. അവർ കത്തീഡ്രൽ റെക്ടറായ ഡയോണിസി കജേറ്റാനോവിക്സിനെ അറസ്റ്റുചെയ്യുകയും ഓർത്തഡോക്സ് വൈദികനാകാൻ പ്രേരിപ്പിക്കുകയും ചെയ്തു. അദ്ദേഹം അതിനു വിസമ്മതിച്ചു. ഒമ്പത് വർഷങ്ങൾക്ക് ശേഷം ഒരു തടവറയിൽ ഡയോണിസി കജേറ്റാനോവിക്സ് മരണമടഞ്ഞു.

ഈ സമയത്ത് മിക്ക പോളിഷ് അർമേനിയൻ കത്തോലിക്ക വിശ്വാസികളും ലിവിവിൽ നിന്നും പോളണ്ടിലേയ്ക്ക് പലായനം ചെയ്തു. 1938 മുതൽ ഇവിടത്തെ അർമേനിയൻ കത്തോലിക്ക അതിരൂപതയ്ക്ക് നേതൃത്വം ഇല്ല. 2000 മുതൽ അർമീനിയൻ അപ്പസ്തോലിക് സഭയുടെ യുക്രേനിയൻ എപ്പാർക്കിയുടെ കീഴിലാണ് കത്തീഡ്രൽ ദേവാലയം സ്ഥിതി ചെയ്യുന്നത്. എന്നാൽ ആരാധനയ്ക്ക് വേണ്ടി ദേവാലയം ഉപയോഗിക്കാൻ അർമേനിയൻ കത്തോലിക്കാ വിശ്വാസികൾക്ക് സ്വാതന്ത്ര്യമുണ്ട്. അതേസമയം ഫെബ്രുവരി 24 മുതല്‍ റഷ്യൻ സേന ലിവിവിൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. ഇതിനിടെ തങ്ങളുടെ പ്രിയപ്പെട്ട ദേവാലയത്തിലെ ക്രൂശിത രൂപം മാറ്റാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ക്രിസ്തീയ സമൂഹം.

More Archives >>

Page 1 of 742