News - 2025

യുക്രൈനേയും റഷ്യയേയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കണം: പാപ്പക്ക് യുക്രൈന്‍ മെത്രാന്മാരുടെ കത്ത്

പ്രവാചകശബ്ദം 04-03-2022 - Friday

ലിവിവ് : വിനാശകരമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുക്രൈനേയും റഷ്യയേയും പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിക്കണമെന്ന അപേക്ഷയുമായി ഫ്രാന്‍സിസ് പാപ്പക്ക് യുക്രൈനിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍മാരുടെ കത്ത്. അളക്കാനാവാത്ത വേദനയിലൂടെയും, ഭയാനകമായ പരീക്ഷണങ്ങളിലൂടെയും കടന്നു പോയിക്കൊണ്ടിരിക്കുന്ന ജനങ്ങളില്‍ നിന്ന് ലഭിച്ച നിരവധി അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് ഇരു രാഷ്ട്രങ്ങളേയും മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിക്കണമെന്ന് അപേക്ഷിക്കുന്നതെന്നു ലത്തീന്‍ മെത്രാന്‍ സമിതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കത്തില്‍ പറയുന്നു. റഷ്യന്‍ സേന യുക്രൈന്റെ തലസ്ഥാന നഗരമായ കീവിനെ നാലുപാടും നിന്ന് വളഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് മെത്രാന്മാരുടെ ഈ അപേക്ഷ.

പ്രതിസന്ധി കണക്കിലെടുത്തും ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ അഭ്യർത്ഥന പ്രകാരവും, യുക്രെയ്നിലെയും റഷ്യയിലെയും മറിയത്തിന്റെ വിമലഹൃദയത്തിലേക്കുള്ള സമർപ്പണം പരസ്യമായി നിർവഹിക്കാൻ വിനീതമായി അപേക്ഷിക്കുകയാണെന്ന് കത്തില്‍ പറയുന്നു. ഓരോ വിശുദ്ധ കുര്‍ബാനക്കു ശേഷം ചൊല്ലേണ്ട സമര്‍പ്പണ പ്രാര്‍ത്ഥനയും വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. റഷ്യന്‍ സാമ്രാജ്യം, ഇല്ലാതാവുകയും സോവിയറ്റ് യൂണിയന്റെ സൃഷ്ടിക്ക് കാരണമാവുകയും ചെയ്ത 1917-ലെ വിപ്ലവത്തിന് മുന്‍പ് 'മറിയത്തിന്റെ ഭവനം' എന്നും റഷ്യ അറിയപ്പെട്ടിരുന്നു. മാതാവിന്റെ നാമധേയമുള്ള നിരവധി ദേവാലയങ്ങള്‍ അക്കാലത്ത് റഷ്യയില്‍ ഉണ്ടായിരുന്നതാണ് അതിന്റെ കാരണം.

1917-ലെ ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണത്തിനിടയില്‍ മാതാവ് മൂന്ന്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. റഷ്യയ്ക്കും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉയർത്തിയ നിരീശ്വരവാദചിന്താഗതിക്കെതിരെ പ്രാർത്ഥിക്കാനും റഷ്യയെ വിമലഹൃദയത്തിന് സമര്‍പ്പിക്കാനുമുള്ള ആഹ്വാനവുമായിരുന്നു ഫാത്തിമയിലെ രണ്ടാമത്തെ രഹസ്യ സന്ദേശം. ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ഭൂരിപക്ഷം വരുന്ന യുക്രൈന്‍ ജനസംഖ്യയുടെ ഒരു ശതമാനമാണ് ലത്തീന്‍ കത്തോലിക്കര്‍. ലിവിവ് അതിരൂപതയും, 6 രൂപതകളുമായിട്ടാണ് ലത്തീന്‍ കത്തോലിക്കാ സഭ യുക്രൈനില്‍ പ്രവര്‍ത്തിച്ചു വരുന്നത്. 4.4 കോടിയോളമുള്ള യുക്രൈന്‍ ജനസംഖ്യയുടെ 9% വരുന്ന ഗ്രീക്ക് കത്തോലിക്കാ സഭാവിശ്വാസികളാണ് യുക്രൈനിലെ കത്തോലിക്കാ വിശ്വാസികളില്‍ ഭൂരിഭാഗവും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 742