News - 2025
യുദ്ധം അവസാനിപ്പിക്കുവാന്‍ പുടിനോട് ആവശ്യപ്പെടണം: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന് പോളിഷ് മെത്രാന്‍ സമിതിയുടെ കത്ത്
പ്രവാചകശബ്ദം 05-03-2022 - Saturday
വാര്‍സോ (പോളണ്ട്): നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുകയും ലക്ഷങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തുകൊണ്ട് യുക്രൈനില്‍ റഷ്യ നടത്തുന്ന വിനാശകരമായ യുദ്ധം അവസാനിപ്പിക്കുവാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനോടാവശ്യപ്പെടണമെന്ന അഭ്യര്‍ത്ഥനയുമായി പോളണ്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ്, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന് കത്തയച്ചു. ഒരൊറ്റവാക്കുകൊണ്ട് ആയിരങ്ങളുടെ സഹനങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ പുടിന് കഴിയുമെnന്നു ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡെക്കി മോസ്കോ പാത്രിയാര്‍ക്കീസ് കിറിലിന് ഇക്കഴിഞ്ഞ മാര്‍ച്ച് 2-ന് അയച്ച കത്തില്‍ പറയുന്നു. “സൈനികര്‍ മാത്രമല്ല, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ കൂടി കൊല്ലപ്പെടുന്ന യുദ്ധം അവസാനിപ്പിക്കുവാന്‍ വ്ലാഡിമിര്‍ പുടിനോടഭ്യര്‍ത്ഥിക്കണം” - കത്തില്‍ പറയുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പാത്രിയാര്‍ക്കീസ് കിറില്‍.
“സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ദൈവപുത്രന്‍മാരെന്ന് വിളിക്കപ്പെടും” (മത്തായി 5:9) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചു കൊണ്ട്, അങ്ങ് സമാധാനത്തിന്റെ വക്താവാണെന്നും, ഒരു കോടിയിലധികം വരുന്ന റഷ്യ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ തലവനായ അങ്ങ് നേരിട്ട് ഇക്കാര്യം റഷ്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടണമെന്നും, യുദ്ധത്തില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ റഷ്യന്‍ സൈനികരോട് ആഹ്വാനം ചെയ്യണമെന്നും പോസ്നാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത കൂടിയായ ഗാഡെക്കിയുടെ കത്തില്‍ പറയുന്നു. ക്രിസ്തീയ വേരുകളുള്ള ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള യുദ്ധം തികച്ചും വിവേകശൂന്യമാണ്. സ്ലോവാക് മണ്ണിലെ ക്രൈസ്തവതയുടെ പിള്ളത്തോട്ടിലുമായ സ്ഥലം നശിപ്പിക്കുന്നത് അനുവദനീയമാണോ? എന്നും കത്തില്‍ ആര്‍ച്ച് ബിഷപ്പ് ചോദ്യമുയര്‍ത്തി.
ഫെബ്രുവരി 24 മുതല്‍ 13 കുട്ടികള്‍ ഉള്‍പ്പെടെ 536 സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും, മരണ സംഖ്യ ഇനിയും ഉയരാമെന്നുമാണ് യു.എന്‍ മനുഷ്യാവകാശ കാര്യാലയം മാര്‍ച്ച് 1-ന് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്. 26 കുട്ടികള്‍ ഉള്‍പ്പെടെ 400 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അറിയിപ്പിലുണ്ട്. യുക്രൈനില്‍ നിന്നും ഏതാണ്ട് 9 ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് യു.എന്‍ റെഫ്യൂജി ഏജന്‍സിയുടെ ഒടുവിലത്തെ പ്രസ്താവന. ഇതില്‍ പകുതിയും യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന പോളണ്ടിലാണ് അഭയം തേടിയിരിക്കുന്നത്.