News - 2025
ഫ്രഞ്ച് വൈദികനെ ബലിയര്‍പ്പണത്തിനിടെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവം: ഗൂഢാലോചനക്കാരായ തീവ്രവാദികൾക്ക് തടവുശിക്ഷ
പ്രവാചകശബ്ദം 11-03-2022 - Friday
പാരീസ്: വിശുദ്ധ കുർബാനയ്ക്കിടെ കാർമ്മികനായ വൈദികനെ പള്ളിയിൽവെച്ചു ക്രൂരമായി കുത്തികൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനക്കാരായ മൂന്നു ഇസ്ലാം തീവ്രവാദികൾക്ക് പാരീസിലെ വിചാരണക്കോടതി ദീർഘകാല ജയിൽ ശിക്ഷ വിധിച്ചു. വൈദികനെ കഴുത്തറത്തു കൊലപ്പെടുത്തിയ രണ്ടുപേരെയും പള്ളിയിൽനിന്നു പോകുംവഴി പോലീസ് വെടിവച്ചുകൊന്നിരിന്നു. വൈദികനെ വധിക്കാനുള്ള ഗൂഢാലോചനയിൽ മൂന്നു പേരുടെയും പങ്ക് സംശയാതീതമാണെന്ന് കോടതി പറഞ്ഞു. എട്ടും പത്തും പതിമൂന്നും വർഷം വീതമാണ് ഓരോരുത്തർക്കും ശിക്ഷ ലഭിച്ചത്.
2016 ജൂലൈ 26-ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ആദേല്‍ ഖെര്‍മിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ യുവാക്കള്‍ എണ്‍പത്തിയഞ്ചുവയസ്സുകാരനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറത്താണ് കൊലപ്പെടുത്തിയത്. ഓടി പുറത്തിറങ്ങിയ ഒരു കന്യാസ്ത്രീയാണ് പോലീസിനെ വിവരമറിയിച്ചത്. ഐഎസ് ഭീകരബന്ധമുള്ള രണ്ടു ഘാതകരും പോലീസിന്റെ നോട്ട പുള്ളികളായിരുന്നു. തന്റെ ആറ് പതിറ്റാണ്ട് നീളുന്ന പൗരോഹിത്യജീവിതത്തില്‍ ഇസ്ലാം മതവിശ്വാസികളുമായി വളരെയേറെ സഹകരിച്ചായിരുന്നു ഫാ. ഹാമല്‍ പ്രവര്‍ത്തിച്ചിരുന്നത്. 2005-ല്‍ വിശ്രമജീവിതത്തിലാവുന്നത് വരെ അദ്ദേഹം വിവിധ പ്രേഷിതമേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു.
ഫാ. ഹാമലിനെ കൊലപ്പെടുത്തിയവര്‍ക്ക് സിറിയ ആസ്ഥാനമായുള്ള മുതിർന്ന ഐസിസ് പ്രവർത്തകനും തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരിന്നു. ഫ്രഞ്ച് ഇന്റലിജൻസ് ഏജൻസിയായ ഡിജിഎസ്ഐയിൽ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ജൂലൈ 6ന് ഫ്രഞ്ച് വാരികയായ ലാ വീയാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. അതേസമയം ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. വത്തിക്കാനില്‍ ഫാ. ജാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, വൈദികനെ 'വാഴ്ത്തപ്പെട്ട ഫാ. ജാക്വസ് ഹാമല്‍' എന്ന് സംബോധന ചെയ്തിരുന്നു.