News

ഐ‌എസ് ഭീഷണി: ഇസ്രായേലില്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി സന്നദ്ധ സംഘടന

പ്രവാചകശബ്ദം 31-03-2022 - Thursday

ജെറുസലേം: ക്രൈസ്തവ ലോകം പരിപാവനമായി കാണുന്ന വിശുദ്ധ വാരത്തിന് ദിവസങ്ങള്‍ ശേഷിക്കേ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍, ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി ജെറുസലേമൈറ്റ് ഇനീഷ്യേറ്റീവ് എന്ന സന്നദ്ധ സംഘടന. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ഇസ്രായേല്‍ പൊതു സുരക്ഷാമന്ത്രി ഒമെര്‍ ബാര്‍ ലെവ്, പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് തുടങ്ങിയവര്‍ക്കും, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും കത്തയച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ രണ്ട് ആക്രമണങ്ങള്‍ ക്രൈസ്തവരുടെ ആശങ്ക കൂട്ടിയ സാഹചര്യത്തിലാണ് കത്ത്.

സമീപ കാലത്തെ തീവ്രവാദി ആക്രമണങ്ങളുടെയും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റേയും പശ്ചാത്തലത്തില്‍ ഈസ്റ്റര്‍ അവധി ദിവസങ്ങളില്‍ തീവ്രവാദികള്‍ ദേവാലയങ്ങളെയും, ക്രൈസ്തവരെയും ആക്രമണങ്ങളുടെ ലക്ഷ്യമാക്കുമോ എന്ന ഭയം ശക്തമാണെന്നാണ് കത്തില്‍ പറയുന്നത്. ഇസ്രായേലിലെ ക്രൈസ്തവരെ ലക്ഷ്യമാക്കി ആക്രമണം നടന്നാല്‍ അത് ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന് വലിയ നാണക്കേടും അപമാനവുമായിരിക്കുമെന്നും ജെറുസലേമൈറ്റ് ഇനീഷ്യേറ്റീവിന്റെ കത്ത് ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവരും, അവരുടെ വിശ്വാസപരമായ അടയാളങ്ങളും ഇസ്ലാമിക് സ്റ്റേറ്റിന്റെ ലക്ഷ്യമാകാമെന്ന് മുന്‍കാലങ്ങളില്‍ നമ്മുടെ അയല്‍ രാജ്യങ്ങള്‍ പഠിപ്പിച്ചിട്ടുള്ളത്. ഈസ്റ്റര്‍ കാലയളവില്‍ ക്രിസ്ത്യാനികള്‍ക്കും, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും പരമാവധി സുരക്ഷ നല്‍കുന്ന കാര്യം ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യമായി പരിഗണിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞയാഴ്ച ഹാഡേരായില്‍വെച്ച് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്ത് അങ്ങിങ്ങോളം കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചുകൊണ്ട് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ഞായറാഴ്ച രാത്രി പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണത്തിന് മുന്നോടിയായി തങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറുള്ളവരാണെന്ന് പ്രഖ്യാപിക്കുന്ന വീഡിയോ അക്രമികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. സമീപകാലത്ത് ബീര്‍ഷേബായില്‍ നാല് ഇസ്രായേലികള്‍ കുത്തേറ്റ് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തവും ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത ആശങ്കയിലാണ് ഇസ്രായേലിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 749