News - 2025
കാമറൂണില്‍ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥികള്‍ മോചിതരായി
പ്രവാചകശബ്ദം 16-04-2022 - Saturday
മാംഫെ: മധ്യാഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ മാംഫെ രൂപതയില്‍ നിന്നും അംബാ ബോയ്സ് എന്നറിയപ്പെടുന്ന വിഘടനവാദികളായ ഗറില്ല പോരാളികള്‍ തട്ടിക്കൊണ്ടുപോയ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ സെമിനാരി അംഗങ്ങളായ 32 വൈദിക വിദ്യാര്‍ത്ഥികളും ഡ്രൈവറും മോചിതരായി. ബന്ധിയാക്കപ്പെട്ട് 24 മണിക്കൂറിന് ശേഷമാണ് 33 പേരുടെയും മോചനം സാധ്യമായതെന്നു മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മാംഫെയിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്ററായ ഫാ. ക്രിസ്റ്റഫര്‍ എബോക്ക ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ സെമിനാരിയിലെ പഴയ കാമ്പസിലെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പോകുമ്പോഴാണ് സെമിനാരി വിദ്യാര്‍ത്ഥികള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത്.
ഒരു സംഘം സെമിനാരി വിദ്യാര്‍ത്ഥികളെ ചാപ്പലിലാക്കി തിരിച്ചെത്തിയ ഡ്രൈവര്‍ ബാക്കിയുള്ളവരെ ചാപ്പലിലെത്തിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ അംബാസോണിയ മേഖലയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിഘടനവാദികള്‍ സെമിനാരി വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട 33 പേരില്‍ 2 പേര്‍ വെള്ളിയാഴ്ച രാവിലെ തന്നെ മോചിതരായിരുന്നു. പ്രദേശവാസികളായ മുഖ്യന്മാര്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഏപ്രില്‍ 9-നാണ് ബാക്കിയുള്ളവര്‍ മോചിതരായത്.
കഴിഞ്ഞ വര്‍ഷം മാംഫെ രൂപതയുടെ വികാരി ജനറലിനേയും വിഘടനവാദികളായ യുവാക്കള്‍ തട്ടിക്കൊണ്ടുപോയിരുന്നു. മൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മോചിതനായത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന തെക്ക്-പടിഞ്ഞാറന്‍,വടക്ക്-പടിഞ്ഞാറന്‍ (ആംഗ്ലോഫോണ്‍ മേഖല) മേഖലകളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് വിമത പോരാളികള്‍ കാമറൂണ്‍ സൈന്യവുമായി കാലങ്ങളായി പോരാട്ടത്തിലായിരുന്നു. 2016-ല്‍ അഭിഭാഷകരും, അധ്യാപകരും നടത്തിയ ഒരു പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ആംഗ്ലോഫോണ്‍ പ്രതിസന്ധി ഒരു സായുധ യുദ്ധമായി രൂപം പ്രാപിച്ചത്. ഈ സംഘര്‍ഷം ആയിരകണക്കിന് പേരുടെ ജീവഹാനിക്കും, ലക്ഷകണക്കിന് ആളുകളുടെ പലായനത്തിനും കാരണമായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.