News - 2025

നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാർത്ഥിനിയെ കല്ലെറിഞ്ഞുകൊന്നു അഗ്നിക്കിരയാക്കി

പ്രവാചകശബ്ദം 14-05-2022 - Saturday

സോകോട്ടോ: മതനിന്ദ നടത്തിയെന്ന് ആരോപണമുന്നയിച്ച് നൈജീരിയയിലെ സോകോട്ടോയിൽ മുസ്ലിം സഹപാഠികൾ ക്രൈസ്തവ വിദ്യാർത്ഥിനിയെ കല്ലെറിഞ്ഞുകൊന്നു മൃതശരീരം അഗ്നിക്കിരയാക്കി. ഷെഹു ഷാഗിരി കോളേജിലെ വിദ്യാർത്ഥിനി ദെബോറ യുക്കുബുവാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെ നിന്ദിക്കുന്ന പരാമർശം വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ദെബോറ നടത്തിയെന്ന ആരോപണമാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ കനത്ത പ്രതിഷേധം ഉയരുകയാണെന്ന് വാര്‍ത്ത ഏജന്‍സിയായ 'റോയിട്ടേഴ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികൾ തന്നെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് സൂചന. ആക്രമണ സമയത്ത് 'അല്ലാഹു അക്ബർ' എന്ന് അവർ ഉച്ചത്തിൽ പറയുന്നത് വീഡിയോദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനിടയിൽ ദെബോറയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ പരിശ്രമം വിഫലമാവുകയായിരുന്നു.

കൊലപാതകത്തെ പറ്റി വിശദമായ അന്വേഷണം നടത്താൻ സോകോട്ടോ ഗവർണർ അമിനു വാഹിരി തംബുവാൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനോടും, സുരക്ഷാ ഏജൻസികളോടും ആവശ്യപ്പെട്ടു. താൽക്കാലികമായി കോളേജ് അടച്ചിടാനും അദ്ദേഹം നിർദ്ദേശം നൽകി. കൊലപാതകത്തിൽ പങ്കാളികളായവരെ കസ്റ്റഡിയിലെടുത്ത് നീതി നടപ്പാക്കണമെന്ന് സംഭവത്തെ അപലപിച്ചു കൊണ്ട് സോകോട്ടോ ബിഷപ്പ് മാത്യു ഹസൻ കുക്ക പറഞ്ഞു. ക്രൈസ്തവ വിശ്വാസികളോട് സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ ആക്രമണങ്ങളുടെ ഒടുവിലത്തെ ഇരയാണ് ദെബോറ.

More Archives >>

Page 1 of 757