News
മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ടു പുതിയ ബിഷപ്പുമാർ
പ്രവാചകശബ്ദം 08-05-2022 - Sunday
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാർകൂടി. മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയാ ബിഷപ്പായി റവ.ഡോ. ആന്റണി കാക്കനാട്ടിനെയും തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാനായി മോണ്‍. ഡോ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പായെയും പ്രഖ്യാപിച്ചു.
കൂടാതെ ഡൽഹിയിലെ ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പുതിയ മെത്രാപ്പോലീത്തയായി പൂനയിലെ കഡ്കി സെന്റ് എഫ്രേംസ് ഭദ്രാസനാധിപൻ തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്തയെ സഭാ സുന്നഹദോസിന്റെ അപേക്ഷ പ്രകാരം ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
ബിഷപ് നിയമനം സംബന്ധിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിയമന ഉത്തരവും മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ കല്പനയും പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ സുന്നഹദോസ് സെക്രട്ടറി ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് വായിച്ചു.
പുതിയ ബിഷപ്പുമാരുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലൈ 15 ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ഡൽഹിയിലെ പുതിയ മെത്രാപ്പോലീത്തയായി തോമസ് മാർ അന്തോണിയോസ് ജൂണ്‍ 30ന് ചുമതലയേൽക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന പുതിയ ബിഷപ്പുമാരുടെ പ്രഖ്യാപന ചടങ്ങിൽ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായി.
നിയുക്ത മെത്രാന്മാരെ കാതോലിക്കാബാവാ സ്ഥാനികചിഹ്നങ്ങൾ അണിയിച്ചു. ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ സാമുവൽ മാർ ഐറേനിയോസ്, തോമസ് മാർയൗസേബിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, വിൻസെന്റ് മാർ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജേക്കബ് പുന്നൂസ്, ജോണ്‍ മത്തായി എന്നിവർ നിയുക്ത മെത്രാന്മാർക്ക് ബൊക്കെ നല്കി.