News - 2025
ആലപ്പുഴ രൂപത വൈദീകനായ ഫാ. റെന്‍സണ്‍ പൊള്ളയില്‍ മരണമടഞ്ഞു.
പ്രവാചകശബ്ദം 11-05-2022 - Wednesday
ഇന്നലെ രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്ന ഫാ. റെന്‍സണ്‍ പൊള്ളയില്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭൗതികശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഭവനത്തിലും തുടര്‍ന്ന് ഇടവക ദൈവാലയത്തിലും ഇന്ന് രാത്രി 9 മണിയോടു കൂടി പൊതു ദര്‍ശനത്തിനു വയ്ക്കും. നാളെ, മെയ് 12 ന് ഉച്ചകഴിഞ് 3 മണിക്ക് മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടും.
ആലപ്പുഴ രൂപത സേവ്യര്‍ ദേശ് ഇടവക, പൊള്ളയില്‍ തോമസിന്റെയും റോസിയുടെയും മുന്നു മക്കളില്‍ രണ്ടാമത്തെ പുത്രനായി 981 മെയ് മാസം 31-ന് ജനിച്ച ഇദ്ദേഹം 2009 ഏപ്രിൽ 18-നാണ് തിരുപ്പട്ടം സ്വീകരിക്കുന്നത്. തുടർന്ന് ബിഷപ്പിന്റെ സെക്രട്ടറിയായും, വൈസ് ചാന്‍സലറായും ബിഷപ്പ് കൂരിയ നോട്ടറിയായും നിയമിതനായി. പിന്നീട് 2011-ൽ വട്ടയാല്‍ സെന്റ് പീറ്റേഴ്‌സ് ഇടവക സഹവികാരിയായി നിയമിക്കപ്പെട്ട ഇദ്ദേഹം ജീസസ് ഫ്രട്ടേണിറ്റിയുടെ രൂപത ഡയറക്ടറായും ആലപ്പുഴയിലെ സെന്റ് പീറ്റേഴ്‌സ് കോളേജ് മാനേജരായും സേവനം അനുഷ്ഠിച്ചു.
2012-ൽ ചെട്ടികാട് വിശുദ്ധ മരിയ ഗൊരേറ്റി ചാപ്പലിന്റെ ചാപ്‌ളിനായി ചുമതലയേറ്റു. 2018 ജൂലൈ 25 മുതല്‍ രൂപത മതബോധന കേന്ദ്രമായ സുവിശേഷ ഭവന്‍ ഡയറക്ടാറായും ആലപ്പുഴയിലെ മോര്‍ണിങ് സ്റ്റാര്‍ സ്‌കൂള്‍ മാനേജരായും സേവനമനുഷ്ഠിച്ചു.
ഫാ. റെന്‍സണ്‍ പൊള്ളയിലിന്റെ നിര്യാണത്തിൽ പ്രവാചക ശബ്ദം ടീമിന്റെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.