News - 2025
ഭവനത്തിൽ പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചതിന് ഇറാനില്‍ ക്രൈസ്‌തവ വിശ്വാസിക്ക് 10 വര്‍ഷത്തെ തടവുശിക്ഷയും പൗരത്വ അവകാശങ്ങള്‍ക്കു വിലക്കും
പ്രവാചകശബ്ദം 11-05-2022 - Wednesday
ടെഹ്‌റാന്‍: ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍, സ്വന്തം ഭവനത്തിൽ പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ച കുറ്റത്തിന് 60 കാരനായ ക്രൈസ്‌തവ വിശ്വാസിക്ക് 10 വര്‍ഷത്തെ തടവുശിക്ഷ. അനൂഷാവാന്‍ അവേദിയാന്‍ എന്ന ഇറാനിയന്‍-അര്‍മേനിയന്‍ ക്രൈസ്തവനാണ് ടെഹ്റാനിലെ റെവല്യൂഷണറി കോടതി 10 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരിക്കുന്നത്. ഇറാനിലെ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനങ്ങളെ നിരീക്ഷിക്കുന്നതിനായി യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആര്‍ട്ടിക്കിള്‍ 18’ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഈ പ്രാർത്ഥനാ കൂട്ടായ്മയിലെ അംഗങ്ങളായിരുന്ന അബ്ബാസ് സൂരി (45), മര്യം മൊഹമ്മദി (46) എന്നീ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. അവേദിയാന്റെ പൗരത്വ അവകാശങ്ങള്‍ക്കും 10 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
2,000 ഡോളര്‍ പിഴയും, രാഷ്ട്രീയ സംഘടനകളില്‍ നിന്നും 10 വര്‍ഷത്തെ വിലക്കും, രണ്ടു വര്‍ഷത്തെ നാടുകടത്തലുമാണ് അബ്ബാസ് സൂരിക്കും, മര്യം മൊഹമ്മദിനും വിധിച്ചിരിക്കുന്ന ശിക്ഷ. 2020 ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായെങ്കിലും ഇക്കാര്യം ഇപ്പോഴാണ് പുറത്തുവരുന്നത്. അവേദിയാന്റെ ഭവനത്തില്‍ അതിക്രമിച്ചു കയറിയ 30-തോളം ഇന്റലിജന്‍സ് ഏജന്റ് മാരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അവിടെ ഉണ്ടായിരുന്ന ബൈബിളുകൾ ഈ സംഘം പിടിച്ചെടുത്തു. ജയിലില്‍ വെച്ച് നടന്ന ചോദ്യം ചെയ്യല്‍ പരമ്പരക്കിടെ ഇവര്‍ക്ക് കടുത്ത മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നതായാണ് ഓണ്‍ലൈന്‍ കത്തോലിക്കാ വാര്‍ത്താമാധ്യമമായ ‘അലെറ്റിയ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അറസ്റ്റിലായ ക്രൈസ്തവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുന്നതിനു പകരം അവരെ അപമാനിക്കുകയാണു കോടതി ചെയ്തതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഇറാനില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ആരാധനകള്‍ നടത്തുന്ന ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അടച്ചു പൂട്ടിയെന്നാണ് ‘ആര്‍ട്ടിക്കിള്‍ 18’ സന്നദ്ധ സംഘടന പറയുന്നത്.
ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന അമ്പത് രാഷ്ട്രങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷ സംഘനയായ ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ പട്ടികയില്‍ ഒമ്പതാമതാണ് ഇറാന്റെ സ്ഥാനം.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം മാത്രമാണ് സത്യദൈവമെന്നും, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല എന്നും തിരിച്ചറിഞ്ഞുകൊണ്ട് നിരവധി പേരാണ് ഇറാനിൽ അനുദിനം ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്‌തവ വിശ്വാസം സ്വീകരിക്കുന്നത്. ഇപ്രകാരം ഇസ്ലാമില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ് ഏറ്റവും കൂടുതലായി മതപീഡനത്തിന് ഇരയാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.