Faith And Reason - 2024

ചാൾസ് ഫുക്കോള്‍ഡെയുടെ വിശുദ്ധ പദവി: ആഹ്ലാദ നിറവില്‍ കേരളത്തിലെ 'ക്രിസ്തുവിന്റെ കൊച്ചു സഹോദരിമാർ'

പ്രവാചകശബ്ദം 16-05-2022 - Monday

കോട്ടയം: ദേവസഹായം പിള്ളയോടൊപ്പം ഫാ. ചാൾസ് ദെ ഫുക്കോള്‍ഡെയെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ ആഹ്ലാദ നിറവിലാണ് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് സന്യാസ സമൂഹം. വിശുദ്ധന്റെ ചൈതന്യം ഉൾക്കൊണ്ടു കേരളത്തിൽ പ്രവർത്തിക്കുന്ന സന്യാസിനി സമൂഹമാണ് ക്രിസ്തുവിന്റെ കൊച്ചു സഹോദരിമാർ എന്ന ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ്. വിശുദ്ധ പദവി പ്രഖ്യാപന സമയത്ത് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് സന്യാസ സമൂഹത്തിന്റെ ജനറലേറ്റായ മാങ്ങാനത്തെ നസ്രത്ത് ജ്ഞാനാശ്രമത്തിലെ ചാപ്പലിൽ ചാൾസ് ദെ ഫുക്കോള്‍ഡെയുടെ രൂപത്തിനു മുമ്പിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകള്‍ നടന്നു. പ്രഖ്യാപനത്തിന് പിന്നാലെ മധുര പലഹാര വിതരണവും നടന്നു.

1975 ഓഗസ്റ്റ് 15ന് പള്ളാത്തുരുത്തിയിൽ സിസ്റ്റർ നിർമലയാണ് സന്യാസിനി സമൂഹത്തിന്റെ പ്രവർത്തനം കേരളത്തിൽ ആരംഭിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ കീഴി ൽ പ്രവർത്തിക്കുന്ന സന്യാസിനി സമൂഹത്തിന്റെ കോട്ടയത്തെ ആസ്ഥാനം മാങ്ങാനമാണ്. പാലാ വേഴാങ്ങാനം, ആലപ്പുഴ പള്ളാത്തുരുത്തി, കൈതവന എന്നിവിടങ്ങളിലും മഠങ്ങളുണ്ട്. ജർമനി ഉൾപ്പെടെ 63 രാജ്യങ്ങളിലും വിദേശരാജ്യങ്ങളിലും സന്യാസിനികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. വിശുദ്ധ പ്രഖ്യാപന ആഘോഷത്തിന്റെ ഭാഗമായി 31ന് കോട്ടയം പൂമറ്റം സെന്റ് ആന്റണീസ് പള്ളിയിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ബലിയും പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും നടക്കും. വിശുദ്ധ ചാൾസ് ഫുക്കോയേക്കുറിച്ചുള്ള ഡോക്യുമെന്ററിയും പുസ്തകവും അന്നു പ്രകാശനം ചെയ്യും.


Related Articles »