News - 2025
ആരോഗ്യ പ്രശ്നം: അടുത്ത മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം നീട്ടി
പ്രവാചകശബ്ദം 11-06-2022 - Saturday
വത്തിക്കാന്‍ സിറ്റി: അടുത്ത മാസത്തേക്ക് നിശ്ചയിച്ചിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം ആരോഗ്യപരമായ കാരണങ്ങളാല്‍ മാറ്റിവെച്ചുവെന്ന് വത്തിക്കാന്‍. ഇന്നലെ വെള്ളിയാഴ്ചയാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ജൂലൈ മാസത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, തെക്കന്‍ സുഡാന്‍ എന്നീ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുവാനായിരുന്നു പാപ്പ പദ്ധതിയിട്ടിരുന്നത്. ‘ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കാല്‍മുട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പിയുടെ ഫലപ്രാപ്തിക്കായി ഏറെ പ്രയാസത്തോടു കൂടി കോംഗോയിലേക്കും തെക്കന്‍ സുഡാനിലേക്കുമുള്ള തന്റെ അപ്പസ്തോലിക യാത്ര പാപ്പ നീട്ടിവെച്ചിരിക്കുയാണെന്ന്‍ വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയില്‍ കുറിച്ചു.
ജൂലൈ 2 മുതല്‍ 7 വരെയായിരുന്നു പാപ്പയുടെ ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. സന്ദര്‍ശനത്തിന്റെ പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ജൂലൈ 2 മുതല്‍ 5 വരെ കോംഗോയിലെ കിന്‍ഹാസ, ഗോമ എന്നീ നഗരങ്ങളിലും, ജൂലൈ 5 മുതല്‍ 7 വരെ തെക്കന്‍ സുഡാന്റെ തലസ്ഥാനമായ ജുബയിലും ചിലവഴിക്കുവാനായിരുന്നു പാപ്പയുടെ പദ്ധതി. മെയ് അവസാന വാരത്തോടെ സന്ദര്‍ശനത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിടുകയും ചെയ്തിരിന്നു. കാല്‍മുട്ടിലെ സന്ധിബന്ധത്തിലെ കടുത്ത വേദനയെ തുടര്‍ന്നു പാപ്പയ്ക്കു നടക്കുവാന്‍ പോലും പ്രയാസപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം മുതല്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് പാപ്പ തന്റെ പൊതു അഭിസംബോധനകളില്‍ പങ്കെടുത്തിരുന്നത്.
ജൂലൈ 24 മുതല്‍ 29 വരെ കാനഡ സന്ദര്‍ശിക്കുവാനും പാപ്പ പദ്ധതിയിട്ടിരുന്നു. കാല്‍മുട്ടിലെ വേദന കൂടിയതിനാല്‍ പല പരിപാടികളും പാപ്പ ഒഴിവാക്കിയിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തിലേയും, ദൈവകരുണയുടെ ഞായര്‍ ദിനത്തിലേയും തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതിന് പകരം സന്ദേശം നല്‍കുക മാത്രമാണ് പാപ്പ ചെയ്തത്. ഇറ്റലിയിലെ ഫ്ലോറന്‍സില്‍ നടന്ന മെഡിറ്ററേനിയന്‍ രാഷ്ട്രങ്ങളിലെ മെത്രാന്‍മാരുടെ സമ്മേളനത്തിലും പാപ്പ പങ്കെടുത്തിരുന്നില്ല. ജനുവരി 26-ന് നടന്ന പൊതു അഭിസംബോധനയില്‍ പങ്കെടുത്തവരോട് തന്റെ കാല്‍മുട്ടിലെ ബുദ്ധിമുട്ട് മാറുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക