Arts - 2024

നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കുരിശു രൂപങ്ങളുടെ പുനരുദ്ധാരണം തുടര്‍ന്ന് ‘എസ്.ഒ.എസ് കാല്‍വെയേഴ്സ്’

പ്രവാചകശബ്ദം 07-07-2022 - Thursday

പാരീസ്: കുരിശു രൂപങ്ങളെ സംരക്ഷിച്ച് നിലനിര്‍ത്തുവാന്‍ വിശ്വാസത്താലും, സ്വന്തം പൈതൃകത്തോടുള്ള സ്നേഹത്താലും നയിക്കപ്പെടുന്ന ഒരു സംഘം ഫ്രഞ്ച് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. ‘എസ്.ഒ.എസ് കാല്‍വെയേഴ്സ്’ എന്ന യുവജന സന്നദ്ധ സംഘടനയാണ് ഫ്രാന്‍സിലെയും, അര്‍മേനിയയിലെയും വിദൂര ഗ്രാമപ്രദേശങ്ങളിലുള്ള പുരാതന അര്‍മേനിയന്‍ കൽകുരിശുകള്‍ (‘ഖാച്ച്കാര്‍’ (ഖാഹ്= കല്ല്‌, കാര്‍ = കുരിശ്) പുനരുദ്ധരിച്ച് സംരക്ഷിക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്നും പുരാതന കുരിശുകള്‍ കണ്ടെത്തി അവയെ പുനരുദ്ധരിച്ചതിന് ശേഷം തിരികെ സ്ഥാപിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അര്‍മേനിയയിലെ ഒരു വിദൂരഗ്രാമത്തില്‍ കുരിശ് സ്ഥാപിക്കുവാനുള്ള ഗ്രാമവാസികളുടെ ശ്രമങ്ങളെയും സംഘടന സഹായിച്ചിരുന്നു.

2010-ല്‍ അര്‍മേനിയയുടെ അദൃശ്യമായ സാംസ്കാരിക പൈതൃകമായി അര്‍മേനിയന്‍ കുരിശുകളെ യുനെസ്കോ അംഗീകരിച്ചിരുന്നു. ഈ അമൂല്യ സൃഷ്ടികള്‍ അതിവേഗം ഇല്ലാതാവുന്നുണ്ടെന്ന് യുനെസ്കോ പ്രസ്താവിച്ചിരിന്നു. വര്‍ഷങ്ങളായി അര്‍മേനിയയിലെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണെന്നും, ക്രിസ്ത്യാനികള്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, അവരുടെ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും, അതിനാലാണ് ക്രിസ്തീയതയുടെ പിള്ളത്തൊട്ടിലായ അര്‍മേനിയയിലെ ഉയര്‍ന്ന മലമുകളില്‍ കുരിശ് സ്ഥാപിക്കുന്നതിനെ പിന്തുണക്കുവാന്‍ സംഘടന തീരുമാനിച്ചതെന്നു ‘എസ്.ഒ.എസ് കാല്‍വെയേഴ്സ്’ പറഞ്ഞു. ഫ്രാന്‍സില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇക്കഴിഞ്ഞ പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലായിരുന്നു അര്‍മേനിയയിലെ മലമുകളില്‍ കുരിശ് സ്ഥാപിക്കുന്ന പദ്ധതിയ്ക്കു വിജയകരമായ പരിസമാപ്തി കുറിച്ചത്. 2500 യൂറോയാണ് പദ്ധതിക്കായി ‘എസ്.ഒ.എസ് കാല്‍വെയേഴ്സ്’ സമാഹരിച്ചത്.

ഖാച്ച്കാര്‍ കുരിശ് ഉണ്ടാക്കുന്നത് എളുപ്പമല്ല. അനുയോജ്യമായ കല്ല്‌ തിരഞ്ഞെടുക്കുന്നതിലൂടെയാണ് ജോലി ആരംഭിക്കുന്നത്. പിന്നീട് കുരിശിന്റെ ആകൃതി കല്ലില്‍ വരച്ച ശേഷം പാരമ്പര്യവും കലയും സംയോജിപ്പിച്ച് കുരിശ് കൊത്തിയുണ്ടാക്കുകയാണ് ചെയ്യുന്നത്. അര്‍മേനിയയിലെ ഖോസ്നാവ് എന്ന ദരിദ്ര ഗ്രാമത്തില്‍ എട്ടടി ഉയരവും, 500 കിലോ ഭാരവുമുള്ള വലിയൊരു കുരിശ് സ്ഥാപിക്കുവാനും സംഘടന മുന്‍കൈ എടുത്തിരുന്നു. അര്‍മേനിയന്‍ ക്രൈസ്തവര്‍ക്കൊപ്പമുള്ള ആഹ്ലാദകരമായ നിമിഷങ്ങള്‍ ആസ്വദിച്ചുവെന്നും, കുരിശിന്റെ ആശീര്‍വാദ ചടങ്ങ് ഹൃദയസ്പര്‍ശിയായിരുന്നെന്നും മുഴുവന്‍ ഗ്രാമവും അതിന് സാക്ഷ്യം വഹിക്കുവാന്‍ എത്തിയിരുന്നെന്നും അര്‍മേനിയയില്‍ എത്തിയ സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാളായ മാര്‍ഗുരിറ്റെ ലെ പേജ് പറയുന്നു. “ലോകം തിരിയുമ്പോഴും കുരിശ് സ്ഥിരമായി നില്‍ക്കുകയാണ്” എന്ന എസ്.ഒ.എസ് കാല്‍വെയേഴ്സിന്റെ മുദ്രാവാക്യം കുരിശിന്റെ അടിത്തറയിലായി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »