News - 2025

മെത്രാന്മാരെ തെരഞ്ഞെടുക്കുന്ന ഡിക്കാസ്റ്ററിയിൽ ഇനി വനിതകളും: കൂരിയയിൽ വനിതകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പാപ്പ

പ്രവാചകശബ്ദം 08-07-2022 - Friday

വത്തിക്കാന്‍ സിറ്റി: വത്തിക്കാൻ കൂരിയയിൽ വനിതകള്‍ക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് ഫ്രാൻസിസ് പാപ്പയുടെ തുറന്നുപറച്ചില്‍. കഴിഞ്ഞ ദിവസം 'റോയിട്ടേഴ്‌സ്' വാർത്ത ഏജൻസിയുടെ പ്രതിനിധിക്ക് നൽകിയ അഭിമുഖത്തിലാണ് വത്തിക്കാന്റെ വിവിധ ഡിക്കാസ്റ്ററികളിൽ വനിതകള്‍ക്ക് കൂടുതൽ സാധ്യതകൾ ഒരുക്കുമെന്ന് ഫ്രാൻസിസ് പാപ്പ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മെത്രാന്മാർക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ ആദ്യമായി രണ്ടു സ്ത്രീകൾ സേവനത്തിനായി പ്രവേശിക്കുമെന്ന് പാപ്പ വിശദീകരിച്ചു. വത്തിക്കാൻ കൂരിയയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച, പ്രെദിക്കാത്തെ എവഞ്ചേലിയും എന്ന പുതിയ ഭരണസംഹിതയിലെ നിയമവ്യവസ്ഥകൾ അല്‍മായർക്കും സ്ത്രീകൾക്കും വത്തിക്കാൻ കൂരിയയിൽ എന്തുമാത്രം പ്രാധാന്യം നൽകുന്നുണ്ടെന്ന ചോദ്യവുമായി ബന്ധപ്പെട്ട് മറുപടി നൽകവേയാണ് പാപ്പ ഇങ്ങനെ പറഞ്ഞത്.

സ്ത്രീകൾക്കും അല്‍മായർക്കും വത്തിക്കാൻ കൂരിയയിൽ കൂടുതൽ സാദ്ധ്യതകൾ നൽകുക എന്നതിനോട് തനിക്ക് തുറന്ന മനോഭാവമാണെന്ന് വ്യക്തമാക്കിയ പാപ്പ, ഇപ്പോൾത്തന്നെ വത്തിക്കാൻ ഗവർണറേറ്റിന്റെ ഡെപ്യൂട്ടി ഗവർണർ സന്യാസിനിയായ സിസ്റ്റര്‍ റഫായേല പെട്രിനിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി. അല്‍മായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററി, ലൈബ്രറികൾ പോലെയുള്ള ഇടങ്ങൾ അൽമായരും സന്യസ്തരും നയിക്കുന്നതിനുള്ള സാധ്യതകൾ ഭാവിയിൽ ഉണ്ടാകുമെന്ന് പാപ്പ പറഞ്ഞു.

സേവ്യർ മിഷ്ണറി സമൂഹാംഗമായ സിസ്റ്റർ നതാലി ബെക്വാർട്ട്, സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സിസ്റ്റർ അലെസാന്ദ്ര സ്‌മെറില്ലി, സന്യസ്തർക്കായുള്ള ഡിക്കാസ്റ്ററിയുടെ അണ്ടർസെക്രട്ടറി സ്ഥാനത്ത് സിസ്റ്റർ കാർമെൻ റോസ് നോർത്തെസ് അടക്കം നിരവധി വനിതകളെ വത്തിക്കാന്‍ കൂരിയയില്‍ ഫ്രാന്‍സിസ് പാപ്പ നിയമിച്ചിട്ടുണ്ട്. വത്തിക്കാന്റെ വിദേശകാര്യമന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായ ഫ്രാഞ്ചെസ്ക്ക ജ്യോവന്നി, വത്തിക്കാൻ മ്യൂസിയത്തിന്റെ ആദ്യ വനിത ഡയറക്ടറായ ബാർബര ജാട്ടാ എന്നിവരടക്കമുള്ള വനിതകള്‍ നിലവില്‍ സേവനം ചെയ്യുന്ന കാര്യവും ഫ്രാന്‍സിസ് പാപ്പ ചൂണ്ടിക്കാണിച്ചു. ഫ്രാന്‍സിസ് പാപ്പ പത്രോസിന്റെ പിന്‍ഗാമിയായതിന് ശേഷം അനേകം വനിതകളെയും അല്‍മായരെയും ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചിട്ടുണ്ട്.


Related Articles »