Arts - 2024
അര്‍ജന്റീനയിൽ ആകാശത്ത് മാതാവിന്റെ രൂപം?; ചിത്രം വൈറൽ
പ്രവാചകശബ്ദം 13-07-2022 - Wednesday
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ കൊറിയന്റസിലെ ബെല്ല വിസ്റ്റ നഗരത്തില്‍ പരാന നദീതീരത്തു നിന്ന് ദമ്പതികൾ പകര്‍ത്തിയ ചന്ദ്രന്റെ ഫോട്ടോയില്‍ പതിഞ്ഞ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഗ്വില്ലര്‍മോ അല്‍ക്കോര്‍ട്ടയാണ് ചിത്രം അര്‍ജന്റീനയില്‍ പ്രമുഖ വാര്‍ത്താ പത്രമായ എല്‍ ലിറ്റോറലിന് കൈമാറിയത്. കൊറിയന്റസിന്റെ മധ്യസ്ഥയും അര്‍ജന്റീനയില്‍ വളരെയേറെ ആദരിക്കപ്പെട്ടുവരികയും ചെയ്യുന്ന ഇറ്റാറ്റി മാതാവിന്റെ ഛായാരൂപമാണ് ഫോട്ടോയില്‍ പതിഞ്ഞിരിക്കുന്നതെന്നു വിശ്വാസികള്‍ പറയുന്നു. ഇറ്റാറ്റി മാതാവിന്റെ തിരുനാളിന്റെ തലേന്നാണ് ഈ അത്ഭുതമെന്നതാണ് ഏറെ ശ്രദ്ധേയം.
ഇക്കഴിഞ്ഞ ജൂലൈ 7ന് പുലര്‍ച്ചെ 12:30-ന് ഗ്വില്ലര്‍മോയുടെ പങ്കാളി മാഗാലി ഇബാനെസാണ് ഫോട്ടോ പകർത്തിയത്. താനും തന്റെ പങ്കാളിയും കൂടി പരാന നദിക്കരയിലൂടെ നടക്കുമ്പോള്‍ വെള്ളത്തില്‍ കണ്ട ചന്ദ്രന്റെ പ്രതിഫലനത്തിന്റെ മനോഹാരിത കണ്ടാണ് ഇബാനെസ് ഫോട്ടോ എടുത്തതെന്നും, ചിത്രം നോക്കിയപ്പോള്‍ ചന്ദ്രന്റെ അടുത്തായി കണ്ട രൂപം കണ്ട് തങ്ങള്‍ അമ്പരന്നുപോയെന്നും ഗ്വില്ലര്‍മോ പറയുന്നു. അത് ഇറ്റാറ്റിയിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം തന്നെയാണെന്ന് ഗ്വില്ലര്‍മോയും, ഇബാനെസും ഉറപ്പിച്ച് പറയുന്നു. കൊറോണ പകര്‍ച്ചവ്യാധി കാരണം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പരിമിതപ്പെടുത്തിയിരുന്ന ഇറ്റാറ്റിയിലെ പരിശുദ്ധ കന്യകാമാതാവിന്റെ തിരുനാള്‍ ജൂലൈ 9ന് ആഘോഷിക്കുന്നതിനു മുൻപാണ് അത്ഭുതം ഉളവാക്കുന്ന ചിത്രം ലഭിച്ചിരിക്കുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിരവധി വിശ്വാസികളാണ് ഈ ഫോട്ടോക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. “എത്ര ആവേശകരം. മാതാവിനെ കാണുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നു. നമ്മള്‍ എപ്പോഴും അവളുടെ മേലങ്കിക്ക് കീഴിലാണ്” - എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. “ആകാശത്ത് ഒരു വലിയ അടയാളം പ്രത്യക്ഷപ്പെട്ടു. ചന്ദ്രന്‍ കാല്‍ക്കീഴിലും. പന്ത്രണ്ട് നക്ഷത്രങ്ങള്‍ ഉള്ള കിരീടം ധരിച്ച ഒരു സ്ത്രീ. ഇറ്റാറ്റിയിലെ പരിശുദ്ധ കന്യകാമാതാവ്. അവളാണ് ഏറ്റവും വലിയ സംരക്ഷക” എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഗുരാനി ഇന്ത്യക്കാരെ സുവിശേഷവത്കരിക്കുക എന്ന ലക്ഷ്യത്തോടെ മിഷ്ണറിമാര്‍ എത്തിയതോടെയാണ് ഇറ്റാറ്റി മാതാവിനോടുള്ള ഭക്തിയുടെ ആരംഭം. 1900 ജൂലൈ 16-ന് ലിയോ പതിമൂന്നാമന്‍ പാപ്പയാണ് ഇറ്റാറ്റി മാതാവിനെ കൊറിയന്റസിന്റെ മധ്യസ്ഥയും സംരക്ഷകയുമായി പ്രഖ്യാപിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക