News - 2025

ദയാവധം അനുവദിച്ചുള്ള പെറുവിലെ സുപ്രീംകോടതി വിധിയ്ക്കെതിരെ കത്തോലിക്ക സഭ

പ്രവാചകശബ്ദം 19-07-2022 - Tuesday

ലിമ: രോഗബാധിതയായ അന എസ്ട്രാഡ എന്ന വനിതയ്ക്ക് ദയാവധം നൽകാൻ ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിലെ സുപ്രീംകോടതി അനുവാദം നൽകിയതിന് പിന്നാലെ ശക്തമായ എതിർപ്പുമായി കത്തോലിക്ക സഭ രംഗത്തെത്തി. ഉത്തര പെറുവിലെ പിയൂറ അതിരൂപതയുടെ അധ്യക്ഷൻ ആർച്ച്‌ ബിഷപ്പ് ജോസ് അന്റോണിയോ ഇജുറനാണ് മറ്റുള്ളവരുടെ ജീവൻ എടുക്കാനും, സ്വന്തം ജീവൻ എടുക്കാനും മനുഷ്യർക്ക് അവകാശമില്ലായെന്ന് വ്യക്തമാക്കി കോടതി തീരുമാനത്തെ ശക്തമായി അപലപിച്ചുക്കൊണ്ട് രംഗത്ത് വന്നത്. ഒരിക്കലും മഹത്വം നഷ്ടപ്പെടാത്ത മനുഷ്യ ജീവനെതിരെയുള്ള കുറ്റകൃത്യമാണ് ദയാവധമെന്ന് ജൂലൈ പതിനാറാം തീയതി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. പോളിമയോസിറ്റിസ് ബാധിച്ച് വീൽചെയറിൽ കഴിയുന്ന അന എസ്ട്രാഡയ്ക്ക് ദയാവധം നൽകാൻ കീഴ് കോടതിയാണ് ആദ്യം ഉത്തരവിട്ടത്. ഇത് ജൂലൈ പതിനാലാം തീയതി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത അസുഖം എന്നതിന് ജീവന്റെ മൂല്യം കുറഞ്ഞു എന്ന അർത്ഥമില്ലെന്ന് ആർച്ച് ബിഷപ്പ് ജോസ് അന്റോണിയോ ചൂണ്ടിക്കാട്ടി. ദയാവധത്തിന് നിയമപരമായ സാധുതയില്ലാത്ത രാജ്യത്ത് അതിന് അനുകൂലമായി സുപ്രീം കോടതി നടത്തിയ വിധി, നിയമനിർമ്മാണ സഭയുടെ പ്രവർത്തനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മെച്ചപ്പെട്ട ആരോഗ്യ പരിചരണം പ്രചരിപ്പിക്കുക, രോഗിയോടൊപ്പം ആയിരിക്കുക, രോഗിയെ ശ്രവിക്കുക, രോഗിയിൽ താൻ സ്നേഹിക്കപ്പെടുന്നുണ്ട് എന്ന തോന്നൽ ഉളവാക്കുക തുടങ്ങിയ കാര്യങ്ങളാണ് ദയാവധം പ്രചരിപ്പിക്കുന്നതിന് പകരം ചെയ്യേണ്ടതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

വേദനയുടെ അവസ്ഥയിലും, അതിൽ അർത്ഥം കണ്ടെത്തുന്നതിന് വേണ്ടി ദൈവത്തിന്റെ കാരുണ്യം സ്വീകരിക്കാൻ വേണ്ടി ഹൃദയം തുറക്കാൻ, പ്രാർത്ഥിച്ചു കൊണ്ടാണ് ആർച്ച് ബിഷപ്പ് ജോസ് അന്റോണിയോ ഇജുറൻ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. 2020 സെപ്റ്റംബര്‍ മാസത്തില്‍ വത്തിക്കാനിലെ വിശ്വാസ തിരുസംഘം 'സമരിത്താനൂസ്‌ ബോനുസ്' അഥവാ 'നല്ല സമരിയാക്കാരൻ' എന്ന പേരിൽ ഇറക്കിയ രേഖയില്‍ ദയാവധത്തിന് 'മനുഷ്യജീവിതത്തിനെതിരായ കുറ്റകൃത്യം', 'ഏത് അവസ്ഥയിലും സാഹചര്യത്തിലും അന്തർലീനമായ തിന്മ' എന്നീ വിശേഷണങ്ങളാണ് വിശ്വാസ തിരുസംഘം നല്‍കിയത്.

More Archives >>

Page 1 of 775