News

ഇസ്ലാമിക തീവ്രവാദം; ബുര്‍ക്കിനാ ഫാസോയിലെ ഇടവക ദേവാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

പ്രവാചകശബ്ദം 25-07-2022 - Monday

ഔഗാഡൗഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദം ശക്തമായതിനെ തുടര്‍ന്ന്‍ കത്തോലിക്ക രൂപതയുടെ പ്രവര്‍ത്തനം അവതാളത്തില്‍. തീവ്രവാദികളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഫാദാ ന്‍’ഗൌര്‍മാ രൂപതയിലെ നിരവധി ദേവാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. തങ്ങളുടെ അജഗണങ്ങളില്‍ 95% പേരുടേയും ആത്മീയ കാര്യങ്ങള്‍ നടത്തിക്കൊടുക്കുവാന്‍ പറ്റാത്ത അവസ്ഥയിലാണ് വൈദികർ.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ “എയിഡ് റ്റു ദിചര്‍ച്ച് ഇന്‍ നീഡ്‌” (എ.സി.എന്‍) ന് ലഭിച്ചു. മേഖലയില്‍ കൊലപാതകവും, കവര്‍ച്ചയും, തട്ടിക്കൊണ്ടുപോകലുകളും പതിവായി കൊണ്ടിരിക്കുകയാണെന്നും, രൂപതയിലെ 16 ഇടവക ദേവാലയങ്ങളില്‍ അഞ്ചെണ്ണത്തിന് നേര്‍ക്കും തീവ്രവാദികള്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തേത്തുടര്‍ന്ന്‍ ഈ ദേവാലയങ്ങള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.

തീവ്രവാദികള്‍ റോഡുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ടെലിഫോണ്‍ ശ്രംഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരിക്കുന്നതിനാലും 7 ഇടവകകളിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാന ദേവാലയം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. തീവ്രവാദത്തെ തുടര്‍ന്നു വിശ്വാസികള്‍ക്ക് വൈദികരുടെ സേവനം ലഭിക്കാതെ വരുന്നത് ഖേദകരമാണെന്നു എ.സി.എന്‍ (യു.കെ) യുടെ നാഷണല്‍ ഡയറക്ടറായ ഡോ. കരോളിന്‍ ഹള്‍ പറഞ്ഞു. ഫാദാ ന്‍’ഗൌര്‍മാ രൂപതയിലെ വിശ്വാസികളുടെ ആത്മീയവും, ഭൗതീകവുമായ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുവാന്‍ എ.സി.എന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിചേർത്തു.

2021 സെപ്റ്റംബര്‍ വരെ രൂപതയുടെ 29 ശതമാനത്തോളം പ്രദേശങ്ങളില്‍ അതായത് 532 ഗ്രാമങ്ങളില്‍ 155 എണ്ണത്തില്‍ അജപാലക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞിരുന്നപ്പോള്‍ 2022 ഏപ്രില്‍ ആയപ്പോഴേക്കും അജപാലക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുന്ന ഗ്രാമങ്ങളുടെ എണ്ണം 29 ആയി കുറഞ്ഞു (5.5 ശതമാനം). ഇക്കഴിഞ്ഞ ജൂലൈ 3ന് രാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. തീവ്രവാദി ആക്രമണം കാരണം സാന്‍ കിസിറ്റിയിലെ മൈനര്‍ സെമിനാരി ഫാദാ ന്‍’ഗൌര്‍മായിലേക്ക് മാറ്റേണ്ടതായും വന്നു.

ആഫ്രിക്കയിൽ മുഴുവനായും പ്രത്യേകിച്ച് ബുര്‍ക്കിനാ ഫാസോ ഉള്‍പ്പെടുന്ന സാഹേല്‍ മേഖലയില്‍ ജിഹാദിസവും, ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളും കൂടിക്കൊണ്ടിരിക്കുകയാണെന്നും, നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഡോ ഹള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ ചെലുത്തണമെന്നും അല്ലാത്തപക്ഷം, ആഫ്രിക്ക മാത്രമല്ല മുഴുവന്‍ ലോകവും നാശത്തിലേക്ക് കൂപ്പുകുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫാദാ ന്‍’ഗൌര്‍മായിലെ പല സ്ഥലങ്ങളിലും ക്രൈസ്തവരുടെ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്, കത്തോലിക്ക സഭയുടെ ചില ദേവാലയങ്ങളില്‍ തീവ്രവാദികള്‍ കയറി സ്ത്രീകളും പുരുഷന്‍മാരും വെവ്വേറെ സ്ഥലങ്ങളിലാണോ ഇരിക്കുന്നതെന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ബുര്‍ക്കിന ഫാസോയിലെ എഴുപതിയഞ്ചോളം പദ്ധതികള്‍ക്കാണ് എ.സി.എന്‍ സാമ്പത്തിക സഹായം നല്‍കിയത്. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ 2022-ലെ പട്ടികയില്‍ മുപ്പത്തിരണ്ടാമതാണ് ബുര്‍ക്കിനാ ഫാസോയുടെ സ്ഥാനം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 777