Faith And Reason - 2024
നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? വിശ്വാസത്തിന്റെ ആനന്ദമുണ്ടോ?; ചോദ്യങ്ങളുമായി ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 15-08-2022 - Monday
വത്തിക്കാന്‍ സിറ്റി: നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? സുവിശേഷത്തോട് ആസക്തിയുണ്ടോ? അത് കൊണ്ടുപോകാറുണ്ടോ? അതോ എന്നിൽ സാക്ഷ്യത്തിന്റെ അഗ്നി ജ്വലിപ്പിക്കുന്നുണ്ടോ? തുടങ്ങീ വിവിധ ചോദ്യങ്ങളുമായി ആത്മശോധന നടത്താന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്‍പു പതിവുപോലെ നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശു സമാഗതനായത്, ദൈവ സ്നേഹത്തിൻറെ സദ്വാർത്ത, കൊണ്ടുവരാനാണ്. അതിനാൽ, സുവിശേഷം ഒരു തീ പോലെയാണെന്ന് അവിടന്ന് നമ്മോട് പറയുകയാണ്, കാരണം അത് ചരിത്രത്തിലേക്ക് വിസ്ഫോടനം ചെയ്യുമ്പോൾ, ജീവിതത്തിൻറെ പഴയ അവസ്ഥകളെ അഗ്നിയിൽ ദഹിപ്പിക്കുകയാണെന്ന് പാപ്പ പറഞ്ഞു.
യഥാർത്ഥ വിശ്വാസം ഒരു തീയാണ്, രാത്രിയിൽ പോലും ഉണർന്നിരിക്കാനും പ്രവർത്തനനിരതരായിരിക്കാനും നമ്മെ പ്രാപ്തരാക്കുന്നതിന് കത്തിനില്ക്കുന്ന അഗ്നി! ആകയാൽ നമുക്ക് ആത്മശോധനചെയ്യാം: എനിക്ക് സുവിശേഷത്തോട് ആസക്തിയുണ്ടോ? ഞാൻ നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? ഞാൻ അത് എന്നോടൊപ്പം കൊണ്ടുപോകാറുണ്ടോ? ഞാൻ ഏറ്റുപറയുകയും ആഘോഷിക്കുകയും ചെയ്യുന്ന വിശ്വാസം എന്നെ ആനന്ദകരമായ ഒരു ശാന്തതയിലാഴ്ത്തുകയാണോ അതോ എന്നിൽ സാക്ഷ്യത്തിന്റെ അഗ്നി ജ്വലിപ്പിക്കുകയാണോ ചെയ്യുന്നത്?
ഒരു സഭ എന്ന നിലയിലും നമുക്ക് സ്വയം ചോദിക്കാം: നമ്മുടെ സമൂഹങ്ങളിൽ, ആത്മാവിൻറെ തീ കത്തുന്നുണ്ടോ, പ്രാർത്ഥനയ്ക്കും ദാനധർമ്മത്തിനുമുള്ള അഭിനിവേശം, വിശ്വാസത്തിന്റെ ആനന്ദമുണ്ടോ?, അല്ലെങ്കിൽ തളർച്ചയിലേക്കും പതിവു രീതികളിലേക്കും പരാതികൾ പറഞ്ഞും അനുദിന ജല്പനങ്ങളോടു കൂടിയും വലിച്ചിഴയ്ക്കുകയാണോ? ഇക്കാര്യത്തില്‍ നമ്മുക്ക് ആത്മശോധന ചെയ്യാം. പിതാവിന്റെ ആർദ്രത കണ്ടെത്താനും ഹൃദയത്തെ വിശാലമാക്കുന്ന യേശുവിന്റെ ആന്ദം അനുഭവിക്കാനും എല്ലാവർക്കും കഴിയട്ടെ. അതിനായി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.