News - 2025
ലിബിയയില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവാവിന് വധശിക്ഷ
പ്രവാചകശബ്ദം 13-09-2022 - Tuesday
ട്രിപോളി: ഉത്തര ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവാവിന് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചു. വിശ്വാസ പരിവര്‍ത്തനം ചെയ്ത് അധികം താമസിയാതെ അറസ്റ്റിലായ യുവാവിനെ (സുരക്ഷാഭീഷണിയാല്‍ മാധ്യമങ്ങള്‍ പേര് പുറത്തുവിട്ടിട്ടില്ല) കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തടങ്കലില്‍വെക്കുകയും, ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിച്ചു വരികയുമായിരുന്നുവെന്ന് മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന 'മിഡില്‍ ഈസ്റ്റ് ക്രിസ്ത്യന്‍ കണ്‍സേണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ യുവാവ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
രാജ്യത്തൊരു കേന്ദ്ര ഗവണ്‍മെന്റ് ഇല്ലാത്തതിനാല്‍ ഏകീകൃത നിയമവാഴ്ചയോ ഔദ്യോഗിക നിയമനിര്‍വഹണ ഏജന്‍സികളോ ഇല്ലായെന്നതാണ് ലിബിയയിലെ സാഹചര്യം ദയനീയമാക്കുന്നത്. ഈ സാഹചര്യത്തില്‍ പോലീസിന്റേയും രഹസ്യാനോഷണ ഏജന്‍സികളുടെയും ദൗത്യം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത് ഇസ്ലാമിക പോരാളി സംഘടനകളാണ്. മതപരിവര്‍ത്തനത്തിന് ലിബിയയില്‍ പ്രത്യേക നിയമമൊന്നുമില്ലാത്തതിനാല്‍ മതപരിവര്‍ത്തനം ചെയ്യുന്നവരെ രാജ്യദ്രോഹ കുറ്റത്തിനാണ് വിചാരണ ചെയ്യുക.
2012-2014 കാലയളവില്‍ തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സമിതിയായ ‘ജനറൽ നാഷ്ണൽ കോൺഗ്രസ് നടപ്പിലാക്കിയ’ നിയമങ്ങളിലൊന്നിനെ അടിസ്ഥാനമാക്കിയാണ് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്യുന്നവര്‍ പുതു വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. ലിബിയയില്‍ ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്യുന്നവര്‍ ആ വിവരം പ്രാദേശിക പത്രങ്ങളിലും, പ്രാദേശിക റേഡിയോ സ്റ്റേഷനുകളും വഴി പരസ്യമാക്കണമെന്നതിന് പുറമേ, തന്റെ ഭവനത്തിന്റെ പുറത്തും, കോടതിക്ക് പുറത്തും ഈ വിവരം പ്രസിദ്ധപ്പെടുത്തുകയും വേണം.
നിയമ നടപടികള്‍ക്കിടയില്‍ മതപരിവര്‍ത്തിതര്‍ക്ക് അഭിഭാഷകരുടെ സഹായവും ലഭ്യമല്ല. ഈ സാഹചര്യത്തില്‍ ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം രഹസ്യമായി കൊണ്ടുനടക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ലിബിയയിലെ ക്രൈസ്തവര്‍. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ ഈ വര്‍ഷത്തെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ നാലാമതാണ് ലിബിയയുടെ സ്ഥാനം. ലിബിയയില്‍ ഏതാണ്ട് 34,600-ഓളം ക്രൈസ്തവര്‍ മാത്രമാണുള്ളത്.