News - 2024

ലാറ്റിന്‍ അമേരിക്കന്‍ പൊന്തിഫിക്കന്‍ കമ്മീഷന്റെ ഓഫീസിലെ സാധാരണദിനത്തെ അസാധാരണമാക്കിയ അപ്രതീക്ഷിത സന്ദര്‍ശകന്‍

സ്വന്തം ലേഖകന്‍ 15-07-2016 - Friday

വത്തിക്കാന്‍: ഒരു സാധാരണ ബുധനാഴ്ച ദിനം. വത്തിക്കാനില്‍ സ്ഥിതി ചെയ്യുന്ന ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്‍ ഓഫീസ്. ഓഫീസില്‍ കാര്യങ്ങള്‍ പതിവ് പോലെ നടക്കുന്നു. ഓരോരുത്തരും വിവിധ ജോലികളില്‍ മുഴുകാന്‍ തുടങ്ങിയിരിക്കുന്നു. സമയം 9.10. ഓഫീസിലെ കോളിംഗ് ബെല്‍ മുഴങ്ങുന്നത് കേട്ട് ആരാണെന്നു നോക്കുവാന്‍ വേണ്ടി വാതില്‍ തുറന്ന ജീവനക്കാരന്‍ ഞെട്ടി പോയി. തന്നെ കണ്ട് അന്താളിച്ചു നില്‍ക്കുന്ന ജീവനക്കാരനോട് ചെറു പുഞ്ചിരിയോടെ ഫ്രാന്‍സിസ് മാര്‍പാപ്പ ചോദിച്ചു. "ഗുഡ്‌മോര്‍ണിംഗ്, ഞാന്‍ അകത്തോട്ട് വന്നോട്ടെ".

ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്‍ ഓഫീസില്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ തുടക്കം ഇങ്ങനെയായിരിന്നു. ബൊഗോട്ടായില്‍ ജൂബിലി വര്‍ഷത്തിന്റെ ആഘോഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി നടക്കുകയായിരുന്ന യോഗത്തിലുള്ള ഉദ്യോഗസ്ഥര്‍ മാര്‍പാപ്പ താഴെ ഓഫീസില്‍ എത്തിയ വിവരമറിഞ്ഞ് അവിടേക്ക് ഓടിയെത്തി. തന്നെ കണ്ട് അത്ഭുതത്തോടെ നിന്നവരെ നോക്കി മാര്‍പാപ്പ ഓഫീസിലേക്ക് പ്രവേശിച്ചു. കമ്മീഷന്‍ സെക്രട്ടറിയായിരിക്കുന്ന ഗുസ്മാന്‍ കാരിക്യുറി പോപ്പിനെ ഓഫീസിലേക്ക് സ്വാഗതം ചെയ്ത ശേഷം മീറ്റിങ്ങിനെ ഒന്നു അഭിസംബോധന ചെയ്യാമോ എന്ന് അപേക്ഷിച്ചു. ചെറിയ രീതിയില്‍ മീറ്റിംഗില്‍ സംസാരിച്ച പാപ്പ, ഗുസ്മാന്‍ കാരിക്യൂറിയുമായും ചെറിയ ചര്‍ച്ചകള്‍ നടത്തി.

വത്തിക്കാന്‍ കൊട്ടാരത്തില്‍ നിന്നും അല്പ ദൂരം മാറിയാണ് ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത്. രാവിലെ ദന്തഡോക്ടറെ കാണുവാന്‍ പോയ മാര്‍പാപ്പ തിരികെ വരുമ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് ഓഫീസിലേക്ക് സന്ദര്‍ശനം നടത്തിയത്. മുന്‍കൂട്ടി നിശ്ചയിക്കാത്ത സന്ദര്‍ശനം സുരക്ഷാപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാര്‍പാപ്പയെ അറിയിച്ചു. "ഭയക്കരുത്. നാം എല്ലാം ദൈവകരങ്ങളില്‍ എപ്പോഴും സുരക്ഷിതരാണ്". ആശങ്ക പങ്കുവച്ച സുരക്ഷാ ഉദ്യോഗസ്ഥരോട് പാപ്പ പറഞ്ഞ മറുപടി ഇതായിരുന്നു.

ഓഫീസില്‍ വന്ന പാപ്പയോട് കൂടെ നിന്ന് ഫോട്ടോ എടുക്കുവാന്‍ ജീവനക്കാര്‍ മത്സരിച്ചു. എല്ലാവര്‍ക്കും അതിനുള്ള അവസരവും പിതാവ് നല്‍കി. സാധാരണ വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലേക്ക് മാര്‍പാപ്പ എത്തുന്നതിനു മുമ്പ് ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കുന്നതാണ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി വന്ന പാപ്പയെ സ്വീകരിക്കുവാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ലാറ്റിന്‍ അമേരിക്കന്‍ പൊന്തിഫിക്കല്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍.

More Archives >>

Page 1 of 59