Faith And Reason
ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; മിഖായേല്‍ മാലാഖയോടു നവനാള്‍ നൊവേനയുമായി അമേരിക്കന്‍ വിശ്വാസികള്‍
പ്രവാചകശബ്ദം 15-09-2022 - Thursday
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ കത്തോലിക്ക ദേവാലയങ്ങള്‍ക്കും, പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കും നേര്‍ക്കുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള നവനാള്‍ നൊവേന കാമ്പയിനുമായി അമേരിക്കയിലെ പ്രമുഖ കത്തോലിക്ക സംഘടന. പൊതുജീവിതത്തിൽ വിശ്വാസ സത്യങ്ങൾക്കനുസരിച്ച് ജീവിക്കുവാന്‍ അമേരിക്കയിലെ മുഴുവന്‍ കത്തോലിക്കരേയും പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘കാത്തലിക് വോട്ട്’ ആണ് വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള നവനാള്‍ നൊവേനയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സെപ്റ്റംബര്‍ 20-ന് ആരംഭിച്ച് വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 29-ന് അവസാനിക്കുന്ന 9 ദിവസത്തെ നൊവേനയില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളോടും സംഘടന ആഹ്വാനം ചെയ്തു.
അഗ്നിക്കിരയാകുന്ന ദേവാലയങ്ങള്‍, ശിരസ്സ് ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വിശുദ്ധരുടെ രൂപങ്ങള്‍ തുടങ്ങീ നിരവധിയായ അക്രമ സംഭവങ്ങളെ 'പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും' മാത്രമേ പുറത്താക്കാൻ കഴിയൂവെന്ന് സംഘാടകര്‍ പറഞ്ഞു. കാമ്പയിനെ കുറിച്ച് സംഘടനയുടെ പ്രസിഡന്റായ ബ്രിയാന്‍ ബിര്‍ച്ച് വിവരിക്കുന്ന വീഡിയോയും സംഘടന പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കയില്‍ കത്തോലിക്ക വിശ്വാസവും മനുഷ്യ ജീവനും കടുത്ത ആക്രമണത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നമ്മുടെ വിശ്വാസത്തിന് നേര്‍ക്കുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിന് സാക്ഷികളാണെന്ന് ബിര്‍ച്ചിന്റെ വീഡിയോയില്‍ പറയുന്നു.
ഗര്‍ഭഛിദ്രത്തെ അനുകൂലമാക്കിയ ഭരണഘടന ഭേദഗതി റദ്ദ് ചെയ്യുന്നതിലേക്ക് വഴി തെളിയിച്ച കോടതി രേഖ ചോര്‍ന്നതിന് പിന്നാലേ അക്രമങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായെന്നും അന്നുമുതല്‍ കത്തോലിക്കാ ദേവാലയങ്ങളുടെ നേര്‍ക്ക് 45-ഓളം അക്രമ സംഭവങ്ങളും, 26 സംസ്ഥാനങ്ങളിലുമായി പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കെതിരെ 62 ആക്രമണങ്ങളും നടന്നുവെന്നും ബിര്‍ച്ച് ചൂണ്ടിക്കാട്ടി. നമ്മെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളേയും, സ്ത്രീകളെയും, കുട്ടികളെയും സേവിക്കുന്നത് തുടരുവാന്‍ ഓരോ ദിവസത്തെ നൊവേനയിലൂടെ നമ്മുടെ ദേവാലയങ്ങളേയും, പ്രഗ്നന്‍സി കേന്ദ്രങ്ങളേയും രക്ഷിക്കുവാന്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ മാധ്യസ്ഥം വഴി യേശുവിനോട് നമ്മള്‍ അപേക്ഷിക്കുമെന്നും വീഡിയോയില്‍ പറയുന്നു.
“പ്രാർത്ഥനയും ഉപവാസവും കൊണ്ട് മാത്രമേ അവയെ പുറത്താക്കുവാന്‍ കഴിയൂ” എന്ന യേശുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട്, നമ്മെ പീഡിപ്പിക്കുന്നവരുടെ മനസ്സുകളെ ബാധിച്ചിരിക്കുന്ന അന്ധകാര ശക്തികളെ പുറത്താക്കുവാന്‍ നമുക്ക് വേണ്ടി യുദ്ധം ചെയ്യണമെന്ന്‍ 9 ദിവസത്തോളം അമേരിക്കയിലെ കത്തോലിക്കര്‍ മുഴുവനും വിശുദ്ധ മിഖായേല്‍ മാലാഖയോട് അപേക്ഷിക്കുമെന്ന് സംഘടന പറഞ്ഞു. ഇതുവരെ 24,000-ത്തിലധികം കത്തോലിക്കര്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.