Faith And Reason
തിരുസഭയില്‍ ദിവ്യകാരുണ്യ നിത്യാരാധന ആരംഭിച്ചിട്ട് എട്ടു നൂറ്റാണ്ടാകുന്നു
പ്രവാചകശബ്ദം 12-09-2022 - Monday
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിൽ നിത്യാരാധന ആരംഭിച്ചിട്ട് ഇന്നലെ സെപ്റ്റംബർ പതിനൊന്നാം തീയതി 796 വര്‍ഷം. ഇനി നാലു വർഷങ്ങൾ കൂടി കഴിഞ്ഞാൽ നിത്യ ആരാധന ആരംഭിച്ചിട്ട് 8 പതിറ്റാണ്ടുകൾ പൂർത്തിയാകും. കാത്തലിക്ക് എൻസൈക്ലോപീഡിയയുടെ വിവരണ പ്രകാരം ഇടതടവില്ലാതെ, അതല്ലെങ്കിൽ താൽക്കാലികമായി അല്പസമയം മാത്രം ആരാധന നിർത്തി വീണ്ടും അത് പുനഃരാരംഭിക്കുന്നതിനെയാണ് നിത്യാരാധനയെന്ന് വിളിക്കുന്നത്. ആരാധന വീണ്ടും പുനഃരാരംഭിക്കണമെന്ന ചിന്തയിൽ നിന്നുകൊണ്ടുതന്നെ നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യങ്ങളിലും, മറ്റ് ചില സാഹചര്യങ്ങളിലും അല്പസമയം ആരാധന നിർത്തിവെച്ചാലും അതിനെ നിത്യാരാധനയെന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്.
വിശുദ്ധ ജൂലിയാനയുടെ നിർദ്ദേശപ്രകാരം 1246ൽ റോബർട്ടോ ഡി തോറേറ്റ് എന്ന ഫ്രഞ്ച് മെത്രാൻ കോർപ്പസ് ക്രിസ്റ്റി തിരുനാളിന് തുടക്കം കുറിച്ചതാണ് ദിവ്യകാരുണ്യ ആരാധനയ്ക്ക് ആരംഭം കുറിക്കപ്പെട്ട സമയമായി ചരിത്രകാരന്മാര്‍ കണക്കാക്കുന്നതെന്ന് എൻസൈക്ലോപീഡിയയിൽ പറയുന്നു. എന്നാൽ രേഖപ്പെടുത്തിയ ആദ്യത്തെ നിത്യാരാധന ഫ്രാൻസിലെ അവിഞ്ഞോണിലാണ് 1226ൽ ആരംഭിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലും ദക്ഷിണ ഫ്രാൻസിൽ ശക്തി പ്രാപിച്ച അൽബിജൻസിയൻ പാഷണ്ഡത പിന്തുടരുന്നവർക്കെതിരെ യുദ്ധം ജയിച്ചതിന്റെ ആനന്ദത്തിൽ ഫ്രാൻസിലെ ലൂയിസ് ഏഴാമൻ രാജാവ് സെപ്റ്റംബർ പതിനൊന്നാം തീയതി വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് നന്ദി സൂചകമായി ഫ്രാൻസിലെ ഒർലിനൻസിലുളള വിശുദ്ധ കുരിശിന്റെ നാമധേയത്തിലുള്ള ചാപ്പലിൽ അത് പ്രതിഷ്ഠിക്കപ്പെട്ടു. നിരവധി ആളുകൾ ദിവ്യകാരുണ്യനാഥനെ ആരാധിക്കാൻ വരുന്നത് ശ്രദ്ധയിൽപ്പെട്ട പിയറി ഡി കോർബി എന്ന മെത്രാൻ രാത്രിയിലും, പകലും ദിവ്യകാരുണ്യ ആരാധന തുടരാൻ തീരുമാനമെടുക്കുകയായിരുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം ലഭിച്ചതോടുകൂടി 1792 വരെ നിത്യാരാധന തുടർന്നു.
ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് താൽക്കാലികമായി നിത്യാരാധന നടത്തിവയ്ക്കേണ്ടി വന്നെങ്കിലും 1829ൽ അത് വീണ്ടും പുനഃസ്ഥാപിക്കാൻ സാധിച്ചു. 1592ൽ തുടക്കം കുറിക്കപ്പെട്ട 40 മണിക്കൂർ ഭക്തിയുടെ ഭാഗമായാണ് നിത്യാരാധന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചത്. റോമിലെ ദേവാലയങ്ങളിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദിവ്യകാരുണ്യ ഭക്തി വളരെ വേഗത്തിലാണ് കടന്നുചെന്നത്. ഇന്ന്‍ പതിനായിരകണക്കിന് ദേവാലയങ്ങളില്‍ 24 മണിക്കൂറും ദിവ്യകാരുണ്യനാഥനെ എഴുന്നള്ളിച്ച് നിശബ്ദമായും അല്ലാതെയും ആരാധന നടക്കുന്നുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക