Faith And Reason

യേശുവിനെ തറച്ച കുരിശിന്റെ തിരുശേഷിപ്പ് ജെറുസലേം പര്യടനം പൂര്‍ത്തിയാക്കി തിരികെ റോമില്‍

പ്രവാചകശബ്ദം 21-08-2022 - Sunday

റോം: റോമ സാമ്രാജ്യത്തിലെ ആദ്യ ക്രൈസ്തവ ചക്രവര്‍ത്തിയും, ക്രൈസ്തവ വിശ്വാസത്തിന് നിയമപരമായ സാധുത നല്‍കുകയും ചെയ്ത കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വിശുദ്ധ ഹെലേന രാജ്ഞി നാലാം നൂറ്റാണ്ടില്‍ വിശുദ്ധ നാട്ടില്‍ നിന്നും റോമിലെത്തിച്ച അമൂല്യ തിരുശേഷിപ്പുകള്‍ വിശുദ്ധ നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി റോമിലെ ബസിലിക്കയില്‍ തിരിച്ചെത്തി. വിശുദ്ധ നാട്ടില്‍ യേശു ക്രിസ്തുവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളും, ക്രിസ്തുവിനെ തറച്ചതെന്ന്‍ കരുതപ്പെടുന്ന കുരിശും കണ്ടെത്തിയത് ഹെലേന രാജ്ഞിയാണ്. താന്‍ കണ്ടെത്തിയ തിരുശേഷിപ്പുകളില്‍ ചിലത് അവര്‍ റോമിലേക്ക് കൊണ്ടുവരികയായിരുന്നു.

വിശുദ്ധ തന്നെ രൂപകല്‍പ്പന ചെയ്ത ബസിലിക്ക ഓഫ് ഹോളി ക്രോസ് ഇന്‍ ജെറുസലേം ദേവാലയത്തിലാണ് കാല്‍വരിയില്‍ നിന്നും വിശുദ്ധ കണ്ടെത്തിയ യഥാര്‍ത്ഥ കുരിശിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. അക്കാലത്ത് കൊട്ടാരത്തിന്റെ ഭാഗമായിരുന്ന ഈ ദേവാലയം, പിന്നീട് റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാറ്റിയപ്പോള്‍ ചക്രവര്‍ത്തി അമ്മയായ ഹെലേനയ്ക്കു കൈമാറുകയായിരുന്നു. അതിന് ശേഷം നിരവധി മാറ്റങ്ങള്‍ ദേവാലയത്തിലുണ്ടായിട്ടുണ്ട്. ബസിലിക്കയിലെ തിരുശേഷിപ്പുകള്‍ക്കുള്ള ചാപ്പലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തിരുശേഷിപ്പുകളില്‍ ഒരെണ്ണം പതിനഞ്ചാം നൂറ്റാണ്ടില്‍ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു ഭിത്തിക്കിടയില്‍ നിന്നും കണ്ടെത്തിയതാണ്. 1100-ല്‍ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനത്തിനിടെ തിരുശേഷിപ്പ് അവിടെ സൂക്ഷിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്.

യേശു ക്രിസ്തുവിനെ തറച്ച കുരിശില്‍ കണ്ടെത്തിയ തലക്കെട്ട് (ദി ടൈറ്റുലസ് ക്രൂസിസ്) എഴുതിയിരിക്കുന്നത് മരപ്പലകയിലാണ്. “നസ്രായനായ യേശു യഹൂദന്‍മാരുടെ രാജാവ്” എന്നാണ് അതില്‍ ഗ്രീക്ക്, ലാറ്റിന്‍, ഹീബ്രു ഭാഷകളില്‍ എഴുതിയിരിക്കുന്നത്. ടൈറ്റുലസ് ക്രൂസിസ് ആറാം നൂറ്റാണ്ടില്‍ ബസലിക്കയില്‍ എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ യേശുവിനെ തറച്ച യഥാര്‍ത്ഥ കുരിശിന്റെ ചില ഭാഗങ്ങളും, യേശുവിന്റെ കൈകാലുകളില്‍ തറച്ച ആണികളില്‍ ഒരെണ്ണവും രാജ്ഞി റോമിലേക്ക് കൊണ്ടുവന്നിരിന്നു. പീലാത്തോസ് യേശുവിനെ വിചാരണ ചെയ്ത വേദിയിലേക്ക് നയിക്കുന്ന വിശുദ്ധ പടികളുടെ ഒരു ഭാഗവും രാജ്ഞി റോമിലേക്ക് കൊണ്ടുവന്നുവെന്നാണ് ചരിത്രം.

സെന്റ്‌ ജോണ്‍ ലാറ്ററന്‍ ആര്‍ച്ച്ബസിലിക്കക്ക് സമീപമുള്ള ഈ വിശുദ്ധ പടികള്‍ 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിക്സറ്റസ് അഞ്ചാമനാണ് സന്ദര്‍ശകര്‍ക്കായി ആദ്യമായി തുറന്നു നല്‍കിയത്. തുറന്നു കൊടുത്ത ആദ്യ നൂറ്റാണ്ടില്‍ തന്നെ നിരവധി തീര്‍ത്ഥാടകര്‍ സന്ദര്‍ശിച്ചതിനാല്‍ പടികളിലെ മാര്‍ബിളില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്തിരിന്നു. 1724-ല്‍ ദൈവദാസനായിരുന്ന ബെനഡിക്ട് പതിമൂന്നാമനാണ് ഇത് മരം കൊണ്ട് പൊതിഞ്ഞ് സംരക്ഷിച്ചത്. അതിന് ശേഷം 2018-ല്‍ ഒരു വര്‍ഷം നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരം കൊണ്ടുള്ള കവചം നീക്കുകയുണ്ടായി. 2019-ല്‍ കുറച്ചു സമയത്തേക്ക് മരം കവചം കൂടാതെയുള്ള വിശുദ്ധ പടികള്‍ കാണുവാന്‍ സന്ദര്‍ശകര്‍ക്ക് ഭാഗ്യം ലഭിച്ചിരുന്നു.

More Archives >>

Page 1 of 73