News - 2025
പ്രതിഷേധത്തിന് പുല്ലുവില; മതപരിവർത്തന നിരോധന ബിൽ കർണാടക പാസാക്കി
പ്രവാചകശബ്ദം 16-09-2022 - Friday
ബംഗലൂരു: ശക്തമായ എതിര്‍പ്പു വകവെയ്ക്കാതെ മതപരിവർത്തന നിരോധന ബിൽ കർണാടക നിയമനിർമ്മാണ സമിതിയിൽ പാസായി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ബിൽ നിയമസഭ പാസാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ബിൽ നിയമനിർമ്മാണ സമിതിക്ക് മുന്നിലേക്ക് എത്തിയത്.
ബില്ലിനെതിരെ ക്രൈസ്തവ സമൂഹം നേരത്തെ രംഗത്തെത്തിയിരുന്നു. ബില്ലിന്റെ ഉള്ളടക്കം വായിച്ചുകഴിഞ്ഞാൽ, ക്രൈസ്തവരെ മാത്രമല്ല ബാധിക്കുന്നതെന്നും അത് വലിയ സമൂഹത്തെ ബാധിക്കുന്നതെന്നും ഇത് സ്വകാര്യതയുടെ പ്രശ്‌നമാണെന്നും ബാംഗളൂര്‍ ആര്‍ച്ച്ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞിരിന്നു. മതപരിവര്‍ത്തന നിയമം പാസാക്കിയ എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അരേങ്ങേറിയിട്ടുണ്ട്. പുതിയ നിയമമനുസരിച്ച്, നിയമവിരുദ്ധമായ മതപരിവർത്തനം നടത്തിയാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും. പ്രായപൂർത്തിയാകാത്ത ഒരാളെ മതം മാറ്റിയാൽ ശിക്ഷ 10 വർഷം വരെ നീട്ടാം. പിഴ 50,000 രൂപ ആയിരിക്കും.
കൂട്ട പരിവർത്തനം നടത്തിയാൽ ഒരു ലക്ഷം രൂപ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ രണ്ടുലക്ഷം രൂപ വരെ പിഴയും കുറഞ്ഞത് അഞ്ച് വർഷം വരെ തടവും ലഭിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ ബെലഗാവിയിൽ നടന്ന സമ്മേളനത്തിൽ ബിൽ കൗൺസിലിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഉപരിസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ അന്നും തുടർന്നുള്ള ബജറ്റ് സമ്മേളനത്തിലും സർക്കാർ ബിൽ പാസാക്കാൻ ശ്രമിച്ചില്ല. 2020ൽ ഉത്തർപ്രദേശ് നിയമവിരുദ്ധമായ മതപരിവർത്തന നിരോധന ഓർഡിനൻസ് പാസാക്കിയതിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന വിരുദ്ധ ബില്ലുകൾ പാസാക്കാനുള്ള തിരക്ക് ആരംഭിച്ചത്.
പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസിന്റെയും ജെഡി(എസിന്റെയും) അംഗങ്ങളുടെ വാക്കൗട്ടിന് നടുവിലും ആറ് മണിക്കൂർ നീണ്ട ചൂടേറിയ ചർച്ചയ്ക്കും ഒടുവിലാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷ നേതാവ് ബി.കെ. ഹരിപ്രസാദും മറ്റ് കോൺഗ്രസ് അംഗങ്ങളും ബില്ലിന്റെ പകർപ്പുകൾ വലിച്ചുകീറി പ്രതിഷേധിച്ചു. മധ്യപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളും സമാനമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. നേരത്തെ ഒഡീഷ, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങൾ സമാന നിയമങ്ങൾ പാസാക്കിയിരുന്നു. മതപരിവർത്തന വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വാദം കേൾക്കുന്നത് ആരംഭിച്ചിട്ടില്ല.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക