News - 2025

പാപ്പയ്ക്കു ആവേശകരമായ സ്വീകരണം ഒരുക്കി കസാക്കിസ്ഥാന്‍; ത്രിദിന സന്ദര്‍ശനത്തിന് ആരംഭം

പ്രവാചകശബ്ദം 14-09-2022 - Wednesday

അസ്താന: ഫ്രാൻസിസ് പാപ്പയുടെ മുപ്പത്തിയെട്ടാം വിദേശ അപ്പസ്തോലിക പര്യടനത്തിന് ഇന്നലെ കസാക്കിസ്ഥാനില്‍ തുടക്കമായി. റോമിലെ സമയം രാവിലെ 6.30-ന് വത്തിക്കാനിലെ തന്റെ വാസയിടമായ, “ദോമൂസ് സാംക്തെ മാർത്തെ”യിൽ നിന്ന് രാജ്യാന്തര വിമാനത്താവളമായ ലെയൊണാർദൊ ഡാവിഞ്ചിയിലേക്കു കാറിൽ യാത്രയായി. അവിടെ നിന്നാണ് പാപ്പാ, കസാക്കിസ്ഥാൻറെ തലസ്ഥാനമായ നൂർ സുൽത്താനിലേക്ക് വിമാനം കയറിയത്. റോമിലെ സമയം രാവിലെ 7.36-ന്, ഇന്ത്യയിലെ സമയം 11.06-ന് യാത്ര ആരംഭിച്ചു. പ്രാദേശികസമയം ഉച്ചയ്ക്കു കസാക്കിസ്ഥാന്റെ തലസ്ഥാനമായ നൂർ സുൽത്താനിലെത്തി.

കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർത്ത് കാസിം-ജോമാർട്ട് ടോകയേവ്ന്റെ നേതൃത്വത്തിലുള്ള ഭരണനേതൃത്വ സംഘവും കത്തോലിക്ക സഭയുടെ പ്രതിനിധികളും ചേര്‍ന്നു മാർപാപ്പയെ സ്വീകരിച്ചു. തുടർന്ന് മാർപാപ്പ, പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന സ്വീകരണസമ്മേളനത്തിൽ പങ്കെടുത്തു. സിവിൽ അധികാരികളെയും നയതന്ത്ര സേനയെയും അഭിസംബോധന ചെയ്യുകയും ചെയ്തു. മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു ആവര്‍ത്തിച്ചു. അത് മാനുഷിക സഹവർത്തിത്വത്തിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണെന്ന് പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലുള്ള രാജ്യത്തിന്റെ ചരിത്രം, കൂട്ട നാടുകടത്തല്‍ അടക്കമുള്ള സംഭവങ്ങളും പാപ്പ അനുസ്മരിച്ചു.

ഇന്നാരംഭിക്കുന്ന ഏഴാമത് ആഗോള പരമ്പരാഗത മതനേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണു മാർപാപ്പ എത്തിയിരിക്കുന്നത്. രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തെ മാർപാപ്പ അഭിസംബോധന ചെയ്യും. നൂറോളം രാജ്യങ്ങളിൽനിന്നുള്ള പ്ര തിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ചില മതനേതാക്കളുമായി മാർപാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. ഇന്നു വൈകുന്നേരം എക്സ്പോ ഗ്രൗണ്ടിൽ വിശുദ്ധ കുരിശിൻറെ പുകഴ്ചയുടെ തിരുന്നാൾ കുർബാന പാപ്പ അര്‍പ്പിക്കും.

More Archives >>

Page 1 of 789