News - 2024

ശ്രീലങ്കയിലെ ഈസ്റ്റര്‍ ക്രൈസ്തവ കൂട്ടക്കൊല: മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രതി പട്ടികയില്‍

പ്രവാചകശബ്ദം 17-09-2022 - Saturday

കൊളംബോ: ആഗോള സമൂഹത്തെ ഞെട്ടിച്ച് ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 270 പേർ കൊല്ലപ്പെട്ട സ്ഫോടനപരമ്പരക്കേസിൽ മുൻ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രതിയാക്കി. ആക്രമണസാധ്യതയെ ക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ സിരിസേന അവഗണിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കൊളംബോയിലെ ഫോർട്ട് കോടതി മുൻ പ്രസിഡന്‍റിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തമാസം 14നു കോടതിയിൽ ഹാജരാകാന്‍ എഴുപത്തിയൊന്നുകാരനായ സിരിസേനയോട് കോടതി നിര്‍ദ്ദേശിച്ചു.

സംഭവത്തില്‍ അന്വേഷണത്തിലുള്ള മെല്ലപ്പോക്കിനെ ചോദ്യം ചെയ്തു കത്തോലിക്ക സഭ ശക്തമായി രംഗത്തെത്തിയപ്പോള്‍ സഭയുടെ ആവശ്യപ്രകാരം സിരിസേന തന്നെ നിയോഗിച്ച അന്വേഷണസമിതി, അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. അതേസമയം, സിരിസേന ആരോപണങ്ങൾ നിഷേധിക്കുകയാണ്. സ്ഫോടനം തടയാന്‍ ഭരണനേതൃ തലങ്ങളില്‍ വിവിധ മുന്നറിയിപ്പ് ലഭിച്ചിട്ടും മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടും നിഷേധാത്മകമായ നിലപാട് സ്വീകരിച്ചെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. ഇതിനെ സാധൂകരിക്കുന്ന വിവിധ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിടുകയും ചെയ്തിരിന്നു.

2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഇസ്ളാമിക തീവ്രവാദികള്‍ ചാവേർ ആക്രമണം നടത്തുകയായിരുന്നു. അന്നു നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 11 ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. വര്‍ഷം മൂന്നു കഴിഞ്ഞെങ്കിലും കേസ് എവിടേയും എത്തിയിട്ടില്ല.


Related Articles »