Faith And Reason
യാത്രികര്‍ക്ക് വിശ്വാസ വെളിച്ചമേകാന്‍ ഗ്യാസ് സ്റ്റേഷനുകളില്‍ ദിവ്യകാരുണ്യ ചാപ്പലുകള്‍ നിര്‍മ്മിച്ച് ബ്രസീലിയന്‍ കമ്പനി
പ്രവാചകശബ്ദം 22-09-2022 - Thursday
സാവോപ്പോളോ: “വിശ്വാസമാണ് കമ്പനിയുടെ ആദ്യ മൂല്യം” എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ യാത്രികര്‍ക്ക് കുമ്പസാരിക്കുവാനും, വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും സൗകര്യമൊരുക്കിക്കൊണ്ട് ചാപ്പലുകള്‍ നിര്‍മ്മിക്കുന്ന ബ്രസീലിലെ ഗ്യാസ് സ്റ്റേഷന്‍ ശൃംഖല ശ്രദ്ധ നേടുന്നു. റെഡെ മരാജോ എന്ന ഗ്യാസ് സ്റ്റേഷന്‍ ശൃംഖലയാണ് തങ്ങളുടെ ഏഴോളം സ്റ്റേഷനുകളില്‍ ദിവ്യകാരുണ്യ ചാപ്പലുകള്‍ സ്ഥാപിച്ചുക്കൊണ്ട് യാത്രക്കാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ആത്മീയ മരുപ്പച്ച സമ്മാനിക്കുന്നത്. ചാപ്പല്‍ ഉണ്ടാക്കുന്നത് നല്ല കാര്യമാണെങ്കിലും ചാപ്പലില്‍ ദിവ്യകാരുണ്യം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും മഹത്തായ കാര്യമെന്നു കമ്പനിയുടെ ഡയറക്ടർ ജാനെത്ത് വാസ് സി.എന്‍.എ പോര്‍ച്ചുഗീസ് ഭാഷാ വിഭാഗമായ എ.സി.ഐ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഏഴ് ചാപ്പലുകള്‍ മാത്രമാണ് നിലവില്‍ ഉള്ളതെങ്കിലും കൂടുതല്‍ ചാപ്പലുകള്‍ നിര്‍മ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 30 വര്‍ഷത്തിലധികമായി പെട്രോള്‍ ഫില്ലിംഗ് രംഗത്ത് സജീവമായ റെഡെ മരാജോ 1,200 മൈല്‍ നീളമുള്ള ബെലെം-ബ്രസീലിയ ഹൈവേയില്‍ ഉടനീളം ഗ്യാസ് സ്റ്റേഷനുകള്‍ ഉള്ള ഒരേ ഒരു കമ്പനിയും, രാജ്യത്തെ ഏറ്റവും വലിയ ഷെല്‍ വിതരണക്കാരുമാണ്. പരാ, ടോക്കാന്റിന്‍സ്, ഗോയിയാസ്, മാറ്റോഗ്രോസ്സോ, മിനാസ് ഗെരായിസ് എന്നീ സംസ്ഥാനങ്ങളിലായി 19 സ്റ്റേഷനുകള്‍ നിലവില്‍ കമ്പനിക്കുണ്ട്. കത്തോലിക്ക കുടുംബത്തില്‍ ജനിച്ചെങ്കിലും താന്‍ ഇടക്കിടെ മാത്രമായിരുന്നു കുര്‍ബാനയില്‍ പങ്കെടുക്കാറുഉണ്ടായിരുന്നത്. ഒരു കരിസ്മാറ്റിക്ക് ധ്യാനത്തില്‍ പങ്കെടുത്ത ശേഷമാണ് കത്തോലിക്ക സഭയുമായി ഇത്ര അടുത്തതെന്നും ഡയറക്ടർ ജാനെത്ത് വാസ് വെളിപ്പെടുത്തി. തുടക്കത്തില്‍ ഇതിനെ എതിര്‍ത്ത തന്റെ ഭര്‍ത്താവും താനും ഇന്നു പരിശുദ്ധ കന്യകാമാതാവിന്റെ വലിയ ഭക്തരാണെന്നും കൂട്ടിച്ചേര്‍ത്തു.
ദിവ്യകാരുണ്യ ആഭിമുഖ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചവരാണ് ഈ ദമ്പതികള്‍. 1992-ല്‍ നോവാ ഒലിന്‍ഡാ സ്റ്റേഷനിലാണ് ഇവര്‍ ആദ്യത്തെ ദിവ്യകാരുണ്യ ചാപ്പല്‍ നിര്‍മ്മിക്കുന്നത്. രൂപതയിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററാണ് ചാപ്പലില്‍ വാഴ്ത്തപ്പെട്ട ദിവ്യകാരുണ്യം സൂക്ഷിക്കുന്നതിനുള്ള അനുവാദം നല്‍കിയത്. പുതിയ ചാപ്പല്‍ ഉണ്ടാക്കിയാല്‍ ഇടവക വികാരിയെ സമീപിക്കുകയും, വാഴ്ത്തപ്പെട്ട ദിവ്യകാരുണ്യം സൂക്ഷിക്കുന്നതിന് മെത്രാന്റെ അനുവാദം തേടുകയുമാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. എല്ലാ ചാപ്പലുകളിലും ആഴ്ചതോറും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ചില ചാപ്പലുകളില്‍ വൈദികര്‍ വന്ന് കുമ്പസാരിപ്പിക്കുകയും, ആത്മീയ ഉപദേശങ്ങള്‍ നല്‍കി അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുമുണ്ട്.
ചാപ്പല്‍ നിര്‍മ്മിക്കുന്നത് എളുപ്പമാണെങ്കിലും അത് സംരക്ഷിക്കുന്നതില്‍ പ്രയാസങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ദൈവത്തിന്റെ വരദാനവും, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയുമാണിതെന്നും വാസ് പറയുന്നു. വാസിന്റെ മക്കളും ഇപ്പോള്‍ ചാപ്പല്‍ നിര്‍മ്മാണ പദ്ധതിയില്‍ പങ്കാളികളാണ്. കൂടുതല്‍ സമയം റോഡുകളില്‍ ചിലവഴിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരെ മനസ്സില്‍ വെച്ചുകൊണ്ടാണ് ചാപ്പല്‍ നിര്‍മ്മാണം ആരംഭിച്ചതെന്നും വിശുദ്ധ കുര്‍ബാനക്കായി വരുന്ന വൈദികര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ജപമാലകള്‍ സമ്മാനിക്കാറുണ്ടെന്നും വാസ് വെളിപ്പെടുത്തി. അവരെ സംബന്ധിച്ചിടത്തോളം മരുഭൂമിയുടെ നടുവിലുള്ള ഒരു മരുപ്പച്ച പോലെയാണിത്. രണ്ട് ട്രക്ക് ഡ്രൈവര്‍മാരെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുവാന്‍ ഈ മരുപ്പച്ചക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ തൊഴിലാളികളേയും കത്തോലിക്കാ വിശ്വാസത്തില്‍ ജീവിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന കമ്പനിയുടെ മഹത്തായ മാതൃകയ്ക്കു വലിയ അഭിനന്ദനമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക