Faith And Reason - 2024
കാമറൂണില്‍ വിഘടനവാദികള്‍ അഗ്നിയ്ക്കിരയാക്കിയ ദേവാലയത്തില്‍ പോറല്‍ പോലും ഏല്‍ക്കാതെ ദിവ്യകാരുണ്യം
പ്രവാചകശബ്ദം 23-09-2022 - Friday
യോണ്ടേ: കാമറൂണില്‍ ആംഗ്ലോഫോണ്‍ മേഖലയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന വിഘടനവാദികളായ അംബാ ബോയ്സ് അഗ്നിക്കിരയാക്കിയ കത്തോലിക്ക ദേവാലയത്തില്‍ നിന്നു വാഴ്ത്തപ്പെട്ട തിരുവോസ്തികള്‍ യാതൊരു കേടുപാടും കൂടാതെ കണ്ടെടുത്തു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16 രാത്രിയില്‍ സായുധധാരികളായ അക്രമികള്‍ മാംഫെ രൂപതയിലെ എൻചാങ്ങിലെ സെന്റ് മേരീസ് ദേവാലയം അഗ്നിക്കിരയാക്കുകയും, അഞ്ചു വൈദികരും, ഒരു കന്യാസ്ത്രീയും, മൂന്നു അത്മായരുമടങ്ങുന്ന 9 അംഗ സംഘത്തെ തട്ടിക്കൊണ്ടു പോവുകയുമായിരിന്നു. മാംഫെ രൂപതാധ്യക്ഷന്‍ അലോഷ്യസ് ഫോണ്ടോങ്ങ് ദേവാലയത്തിന്റെ കത്തിയമര്‍ന്ന അവശേഷിപ്പുകള്‍ക്കിടയില്‍ പരിശോധന നടത്തിയപ്പോഴാണ് സക്രാരിയിലെ കുസ്തോതിയില്‍ അത്ഭുതകരമായ രീതിയില്‍ യാതൊരു കേടുപാടും കൂടാതെ തിരുവോസ്തികള്‍ കണ്ടെത്തിയത്.
ബിഷപ്പ് ഫോണ്ടോങ്ങ് കത്തി നശിച്ച അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അഗ്നിക്കിരയായ ദേവാലയത്തില്‍ പ്രവേശിക്കുന്നതും, ഒരു കുരിശിന് സമീപമുള്ള ഭിത്തിയില്‍ വെച്ചിരിക്കുന്ന സക്രാരിക്ക് സമീപമെത്തുന്നതും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എ.സി.എന്‍ സെപ്റ്റംബര്‍ 21-ന് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്. സക്രാരി തുറന്ന മെത്രാന്‍ തിരുവോസ്തിയെ വന്ദിച്ച ശേഷം തിരുവോസ്തി അടങ്ങിയ കുസ്തോതി സക്രാരിയില്‍ നിന്നും എടുക്കുന്നതും വീഡിയോയിലുണ്ട്. അത്യധിക ഹീനമായ കാര്യമാണ് ദേവാലയത്തില്‍ സംഭവിച്ചതെന്നും, അക്രമികള്‍ ദൈവത്തിന്റെ ക്ഷമയെ പരിശോധിക്കുകയാണെന്നും ബിഷപ്പ് ഫോണ്ടോങ്ങ് പറഞ്ഞു.
#Camerún: “Lo que pasó es abominable. Están probando la paciencia de Dios”, dice el obispo de Mamfé, Mons. Aloysius Fondong, que acudió a la iglesia quemada durante el ataque en donde secuestraron a 9 personas. #noalapersecuciónreligiosa pic.twitter.com/993G8RRBVi
— ACN Colombia (@iglesiaquesufre) September 21, 2022
എന്ചാങ് ഗ്രാമത്തില്‍ നിന്നും വിഘടന വാദികളായ അംബാബോയ്സില്‍ ചേര്‍ന്ന യുവാക്കള്‍ അടങ്ങിയ 60 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന്‍ മാംഫെ രൂപതയുടെ പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന വടക്ക് പടിഞ്ഞാറും, തെക്ക് പടിഞ്ഞാറുമുള്ള വിഘടനവ്വാദികള്‍ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് അംബാസോണിയ എന്ന സ്വതന്ത്രരാഷ്ട്രം വേണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സേനക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ കത്തോലിക്കാ സഭയാണ് പലപ്പോഴും ഇരയാകുന്നത്. 2014-ന് ശേഷം ഏതാണ്ട് 5,00,000 ലക്ഷത്തോളം പേര്‍ക്ക് രാജ്യത്തു നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.