News - 2025
പ്രളയത്തിൽ ദുരിതത്തിലായ പാക്ക് ജനതയ്ക്ക് കൈത്താങ്ങായി കത്തോലിക്ക സഭ
പ്രവാചകശബ്ദം 24-09-2022 - Saturday
ലാഹോര്‍; രൂക്ഷമായ പ്രളയത്തിൽ സര്‍വ്വതും നഷ്ട്ടപ്പെട്ട് ദുരിതത്തിലായ പാക്കിസ്ഥാനിലെ ജനതയ്ക്ക് കത്തോലിക്ക സഭയുടെ സേവന പ്രവർത്തനങ്ങൾ വലിയ കൈത്താങ്ങായി മാറുന്നു. രാജ്യത്തെ തകിടം മറിച്ച പ്രളയത്തെ തുടര്‍ന്നു ഇതുവരെ 70 ലക്ഷത്തോളം ആളുകൾക്കാണ് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നത്. സിന്ധ് പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ഹൈദരാബാദിനെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത്. ചില സ്ഥലങ്ങളിലെ ആളുകൾക്ക് വീടുകൾ അടക്കം നഷ്ടപ്പെട്ടുവെന്നും, വെള്ളത്തിലൂടെയുള്ള രോഗ വ്യാപനത്തിന് സാധ്യതകൾ ഏറെയുള്ള സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്നും ഹൈദരാബാദ് ബിഷപ്പ് സാംസൺ ഷുകാര്‍ഡിൻ പറഞ്ഞു.
പ്രളയത്തിന്റെ ഇരകളെ സഹായിക്കാൻ വേണ്ടി അപ്പസ്തോലിക പ്രതിനിധി വഴി വത്തിക്കാൻ ഇതിനകം നിരവധി രൂപതകളിൽ സഹായം എത്തിച്ചിട്ടുണ്ടെന്ന് ബിഷപ്പ് വെളിപ്പെടുത്തി. ഇടവകകൾ, വിവിധ സംഘടനകൾ, കോൺഗ്രിഗേഷനുകൾ, കാരിത്താസ് പാക്കിസ്ഥാൻ തുടങ്ങിയവയുടെ സഹായത്തോടെയും പ്രളയത്തിന്റെ ആരംഭം മുതൽ കത്തോലിക്ക സഭ സേവന പ്രവർത്തനങ്ങൾക്ക് വേണ്ടി മുൻപന്തിയിൽ തന്നെയുണ്ടെന്ന് കാരിത്താസ് പാക്കിസ്ഥാന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി വഹിക്കുന്ന അംഞ്ചാദ് ഗുത്സാർ പറഞ്ഞു. ഭക്ഷണം, ശുദ്ധമായ വെള്ളം, സാമ്പത്തിക സഹായം അടക്കമുള്ളവ ഇരുപതിനായിരത്തോളം കുടുംബങ്ങൾക്കാണ് ഇതുവരെ കാരിത്താസ് സഹായം നൽകിയത്.
തങ്ങളുടെ സാന്നിധ്യം ഇല്ലാത്ത സ്ഥലങ്ങളിൽ പോലും, സംഘടനയുമായി രജിസ്റ്റർ ചെയ്യപ്പെട്ട വോളണ്ടിയർമാരുടെ സഹായത്തോടെ സേവനം എത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് അംഞ്ചാദ് ഗുത്സാർ കൂട്ടിച്ചേർത്തു. കാലാവസ്ഥയിലെ പ്രതികൂലമായ മാറ്റം മൂലമാണ് മഴയും, പ്രളയവും രൂക്ഷമായതെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുവരെ കുറഞ്ഞത് 1596 ആളുകൾ പ്രകൃതി ദുരന്തത്തിന്റെ ഇരകളായി മരണപ്പെട്ടിട്ടുണ്ട്. പ്രളയത്തിൽ നിന്നും രക്ഷപ്പെട്ട 5 ലക്ഷത്തോളം ആളുകൾ ടെന്‍റുകളിലാണ് താൽക്കാലികമായി കഴിയുന്നത്. സിന്ധ് പ്രവിശ്യയിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്കും, മെഡിക്കൽ ക്യാമ്പുകളിലേക്കും പതിനായിരത്തോളം ഡോക്ടർമാരെയും, നേഴ്സുമാരെയും, ആരോഗ്യപ്രവർത്തകരെയും ആണ് രണ്ടുമാസത്തിനിടെ കേന്ദ്രസർക്കാർ അയച്ചത്.