News

നിക്കരാഗ്വേയില്‍ വിശുദ്ധ ജെറോമിന്റെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റേയും തിരുനാള്‍ പ്രദിക്ഷിണങ്ങള്‍ക്ക് വിലക്ക്

പ്രവാചകശബ്ദം 21-09-2022 - Wednesday

മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വേയിലെ മസായയില്‍ സംഘടിപ്പിക്കുവാനിരുന്ന വിശുദ്ധ ജെറോമിന്റെയും, മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റേയും തിരുനാള്‍ പ്രദിക്ഷിണങ്ങള്‍ക്ക് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്. സുരക്ഷാപരമായ കാരണങ്ങളാല്‍ പ്രദിക്ഷിണം അനുവദിക്കില്ലെന്നു മസായ നഗരത്തിലെ പോലീസ് ഇരു ഇടവകകളെയും അറിയിച്ചിട്ടുണ്ടെന്നു മനാഗ്വേ അതിരൂപത സെപ്റ്റംബര്‍ 17ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേസമയം തങ്ങളുടെ പൈതൃകത്തില്‍ നിന്നും ലഭിച്ച ശക്തിയോടൊപ്പം, ഒരു നിധിയേപ്പോലെ ഹൃദയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള വിശ്വാസവും ഭക്തിയും വഴി തങ്ങളുടെ മധ്യസ്ഥ വിശുദ്ധര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് അര്‍പ്പിക്കുവാന്‍ രൂപത വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വിശുദ്ധ ജെറോമും, മുഖ്യദൂതനായ വിശുദ്ധ മിഖായേലും, സഭയുടെ മാതാവും സമാധാനത്തിന്റെ രാജ്ഞിയുമായ പരിശുദ്ധ കന്യകാമാതാവും നമ്മുടെ പ്രാര്‍ത്ഥനകള്‍ കേട്ട് നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കട്ടെയെന്നും, ദൈവത്തിന്റെ മരുന്ന്‍ വഴി നമുക്ക് സൗഖ്യം പ്രദാനം ചെയ്യട്ടെയെന്നും അതിരൂപത പ്രസ്താവനയില്‍ കുറിച്ചു. ഇതാദ്യമായല്ല നിക്കരാഗ്വേന്‍ ഭരണകൂടം കത്തോലിക്ക സമൂഹം നടത്തുന്ന പ്രദക്ഷിണങ്ങള്‍ വിലക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മരിയന്‍ കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കേണ്ടിയിരുന്ന ഫാത്തിമ മാതാവിന്റെ പ്രദിക്ഷിണത്തിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

2018-ല്‍ മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ നാമധേയത്തിലുള്ള ഇടവകയില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധത്തെ അര്‍ദ്ധസൈനീക വിഭാഗങ്ങള്‍ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തുകയുണ്ടായി. പിറ്റേവര്‍ഷം കത്തോലിക്കര്‍ക്കും ഇടവക ജനങ്ങള്‍ക്കും എതിരെ സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ പരിധി വിട്ടപ്പോള്‍ ഫാ. എഡ്വിന്‍ റോമന്റെ നേതൃത്വത്തില്‍ ഒരു സംഘം അമ്മമാര്‍ നിരാഹാര സത്യാഗ്രഹം നടത്തുകയുണ്ടായി. ഇതിനിടെ മനാഗ്വേയില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മതഗല്‍പ്പ മെത്രാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം 16-നെതിരെ 538 വോട്ടുകള്‍ക്കാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15-ന് യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. നിരവധി വൈദികരും മതഗല്‍പ്പ രൂപതയില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികളും യാതൊരു കാരണവും കൂടാതെ എല്‍ ചിപോട്ടെ ജയിലില്‍ അടക്കപ്പെട്ടിരിക്കുകയാണ്.

മതഗല്‍പ്പ രൂപതയിലെ കത്തോലിക്കാ റേഡിയോ സ്റ്റേഷനുകളും സര്‍ക്കാര്‍ അടച്ചുപൂട്ടിയിരിന്നു. നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗ് മെത്രാപ്പോലീത്തയും, മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളും രാജ്യത്ത്‌ നിന്നും പുറത്താക്കപ്പെട്ടു. സര്‍ക്കാര്‍ വധഭീഷണിയെ തുടര്‍ന്ന്‍ മനാഗ്വേയിലെ മുന്‍ സഹായ മെത്രാനായിരുന്ന സില്‍വിയോ ബയെസ് അമേരിക്കയില്‍ പ്രവാസിയായി തുടരുകയാണ്. ഏകാധിപത്യ ഭരണകൂടത്തിനെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക സഭ രംഗത്തുവന്നതാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെ മൂലകാരണം.

More Archives >>

Page 1 of 791