News - 2025
കത്തോലിക്ക സഭ രാജ്യത്തു നേരിടുന്ന വിവിധ പ്രതിസന്ധികൾ വിവരിച്ച് കാമറൂൺ ബിഷപ്പ്
പ്രവാചകശബ്ദം 25-09-2022 - Sunday
യൊണ്ടേ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ കത്തോലിക്ക സഭ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് യൊണ്ടേ പ്രവിശ്യയിലെ ബാഫിയ രൂപത മെത്രാനായ ബിഷപ്പ് ഇമ്മാനുവല്‍ ഡാസ്സി നല്‍കിയ അഭിമുഖം കാമറൂണിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളുടെ നേര്‍സാക്ഷ്യമാകുന്നു. ഇദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന ബിഷപ്പ് ജീന്‍-മേരി ബെനോയിറ്റ് ബാല കൊല്ലപ്പെട്ടിടത്താണ് ഇദ്ദേഹം ഇപ്പോള്‍ സഭയെ നയിക്കുന്നത്. ഇമ്മാനുവല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ആദ്യ ആഫ്രിക്കന്‍ മെത്രാനായ ഡാസ്സി ‘ഐ.മീഡിയ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആംഗ്ലോഫോണ്‍ പ്രതിസന്ധി സാരമായി ബാധിച്ച കാമറൂണിലെ കത്തോലിക്ക സഭ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വിവരിച്ചത്.
ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന തെക്ക്-പടിഞ്ഞാറന്‍, വടക്ക് - പടിഞ്ഞാറന്‍ (ആംഗ്ലോഫോണ്‍ മേഖല) മേഖലകളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് വിമത പോരാളികള്‍ കാമറൂണ്‍ സൈന്യവുമായി കാലങ്ങളായി പോരാട്ടത്തിലായിരുന്നു. 2016-ല്‍ അഭിഭാഷകരും, അധ്യാപകരും നടത്തിയ ഒരു പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ആംഗ്ലോഫോണ്‍ പ്രതിസന്ധി ഒരു സായുധ യുദ്ധമായി രൂപം പ്രാപിച്ചത്. ഈ സംഘര്‍ഷം ആയിരകണക്കിന് പേരുടെ ജീവഹാനിക്കും, ലക്ഷകണക്കിന് ആളുകളുടെ പലായനത്തിനും കാരണമായി. പ്രതികൂലമായ സാഹചര്യങ്ങൾക്കിടയിലും പൂര്‍ണ്ണ സമ്മതത്തോടെയാണ് താന്‍ ഈ പദവി സ്വീകരിച്ചതെന്നും, തനിക്ക് നിരവധി ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017 മെയ് 31-ന് കാണാതാവുകയും പിന്നീട് സനാഗാ നദിയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്ത തന്റെ മുന്‍ഗാമിയുടെ മരണം സംബന്ധിച്ച അന്വേഷണത്തേക്കുറിച്ചുള്ള ചോദ്യത്തിന്, ബിഷപ്പ് മുങ്ങിമരിച്ചതാണെന്ന് കേസ് കൈകാര്യം ചെയ്യുന്ന യൊണ്ടേയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും, ജുഡീഷ്യല്‍ അതോറിറ്റിയും പറയുന്നുണ്ടെങ്കിലും സത്യത്തില്‍ അതൊരു കൊലപാതകം തന്നെയാണെന്നാണ് ബിഷപ്പ് ഇമ്മാനുവല്‍ ഡാസ്സി പറഞ്ഞത്.ബിഷപ്പ് ബാലയുടെ കൊലപാതകം വിശ്വാസികളെ കാര്യമായി ബാധിച്ചു. രൂപത മുഴുവന്‍ സന്ദര്‍ശിക്കുക എന്ന മാരത്തോണ്‍ പദ്ധതിയിലാണ് താനിപ്പോഴെന്നും, മോശം കാലാവസ്ഥ കാരണം ചെളിയും കുഴികളും നിറഞ്ഞ സ്ഥലങ്ങളിലൂടെ നടന്നോ, മോട്ടോര്‍ സൈക്കിളിലൂടെയോ വേണം തന്റെ രൂപതയിലെ 41 ഇടവകകളും സന്ദര്‍ശിക്കേണ്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. വിവാഹിതരെ തിരുപ്പട്ടത്തിന് അനുവദിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, ഇത് തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്നും ദൈവകൃപയാല്‍ കാമറൂണില്‍ സമര്‍പ്പിതര്‍ക്ക് കുറവില്ലെന്നുമായിരുന്നു മറുപടി.
ആംഗ്ലോഫോണ്‍ പ്രതിസന്ധിയേക്കുറിച്ചും അദ്ദേഹം ആവർത്തിച്ചു. ആംഗ്ലോഫോണ്‍ ക്രൈസിസ് എല്ലാവരേയും ബാധിച്ചു. ആംഗ്ലോഫോണ്‍ മേഖലയിലുള്ള മെത്രാന്‍മാരാണ് പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകളെന്നും കൂട്ടിച്ചേര്‍ത്തു. വിഘടനവാദികളുമായി ചര്‍ച്ച നടത്തിയാല്‍ തങ്ങള്‍ വിഘടന വാദികളെ സഹായിക്കുകയാണെന്ന്‍ സര്‍ക്കാരും, സര്‍ക്കാരുമായി ചര്‍ച്ച നടത്തിയാല്‍ സര്‍ക്കാരിനെ സഹായിക്കുകയാണെന്ന് വിഘടന വാദികളും കരുതുന്നതെന്നു അദ്ദേഹം പറയുന്നു. ഇക്കഴിഞ്ഞ ആഴ്ച വൈദികർ അടക്കം എട്ടോളം പേരെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. അവർ ഇപ്പോഴും തടങ്കലിലാണ്.