News
ഫ്രാന്‍സിസ് പാപ്പ വീണ്ടും അറേബ്യന്‍ മണ്ണിലേക്ക്: ബഹ്റൈൻ സന്ദര്‍ശനം നവംബർ 3 മുതൽ 6 വരെ
പ്രവാചകശബ്ദം 28-09-2022 - Wednesday
വത്തിക്കാന്‍ സിറ്റി/ മനാമ: അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ ഗൾഫിലെ മുസ്ലീം ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനിലേക്ക് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തുമെന്ന് സ്ഥിരീകരിച്ച് വത്തിക്കാന്‍. നവംബർ 3 മുതൽ 6 വരെ ബഹ്‌റൈനില്‍ ഫ്രാൻസിസ് മാർപാപ്പ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സെപ്തംബർ 15ന് കസാക്കിസ്ഥാനില്‍ നിന്നു റോമിലേക്കുള്ള വിമാന യാത്രാമദ്ധ്യേ ഇസ്ലാമിക രാജ്യത്തിലേക്കുള്ള പാപ്പയുടെ യാത്ര സാധ്യത പരാമർശിക്കപ്പെട്ടിരിന്നു. രാജ്യത്തെ ഭരണകൂടത്തിന്റെയും പ്രാദേശീക സഭാ നേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ചാണ് ഫ്രാന്‍സിസ് പാപ്പ ബഹ്റൈൻ സന്ദര്‍ശനം നടത്തുവാന്‍ തീരുമാനിച്ചത്. സന്ദര്‍ശനം നടന്നാല്‍ സതേൺ അറേബ്യ വികാരിയത്തിന്റെ ഭാഗമായ ബഹ്റൈൻ ആദ്യമായി സന്ദര്‍ശിക്കുന്ന പാപ്പ എന്ന ഖ്യാതി ഫ്രാന്‍സിസ് പാപ്പയ്ക്കു സ്വന്തമാകും.
"ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ്: കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിനായി" എന്ന പരിപാടിക്കായി ഫ്രാൻസിസ് പാപ്പ അവാലിയിലും തലസ്ഥാന നഗരമായ മനാമയിലും സന്ദർശനം നടത്തുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. അപ്പസ്തോലിക സന്ദര്‍ശനം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളും മുഴുവൻ യാത്രാ വിവരങ്ങളും പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിച്ച പത്രോസിന്റെ പിന്‍ഗാമിയാണ് ഫ്രാന്‍സിസ് പാപ്പ. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2019 ഫെബ്രുവരി 3-5 തീയതികളില്‍ പാപ്പ യുഎഇ സന്ദര്‍ശിച്ചിരിന്നു. അന്നു ആവേശകരമായ സ്വീകരണമാണ് അറേബ്യന്‍ സമൂഹം പാപ്പയ്ക്കു ഒരുക്കിയത്.
സൗദി അറേബ്യയുടെ കിഴക്കും ഖത്തറിന് പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ബഹ്‌റൈനിൽ 1.7 ദശലക്ഷം ജനസംഖ്യയാണുള്ളത്. ആകെ ജനസംഖ്യയുടെ 70% മുസ്ലീങ്ങളാണ്. 210,000 ക്രൈസ്തവരാണ് രാജ്യത്തുള്ളത്. ബഹ്‌റൈനിൽ ഏകദേശം 80,000 കത്തോലിക്കർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, അവരിൽ പലരും ഭാരതത്തില്‍ നിന്നും ഫിലിപ്പീൻസില്‍ നിന്നുമുള്ളവരാണ്. സന്ദര്‍ശനം സ്ഥിരീകരിച്ചതോടെ, ആയിരകണക്കിന് മലയാളികളായ ക്രൈസ്തവര്‍ ഉള്‍പ്പെടെ പതിനായിരകണക്കിന് ക്രൈസ്തവ വിശ്വാസികളായ പ്രവാസികള്‍ക്കു ഫ്രാന്‍സിസ് പാപ്പയുടെ പൊതുപരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്.
മനാമയിൽ നിന്ന് ഏകദേശം 12 മൈൽ അകലെയുള്ള മുനിസിപ്പാലിറ്റിയായ അവാലിയിൽ സ്ഥിതി ചെയ്യുന്ന, ഔർ ലേഡി ഓഫ് അറേബ്യയുടെ കത്തീഡ്രല്‍ കൂദാശ ചെയ്തത് കഴിഞ്ഞ വര്‍ഷം ഡിസംബർ 10നായിരിന്നു. 95,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 2300 പേര്‍ക്ക് ഒരേസമയം ആരാധന നടത്താവുന്ന ദേവാലയമാണിത്. പാപ്പയുടെ സന്ദര്‍ശനത്തില്‍ പെട്ടകത്തിന്റെ ആകൃതിയിലുള്ള ഈ കത്തീഡ്രല്‍ ദേവാലയം വേദിയാകുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. 1957-ലാണ്, പിയൂസ് പന്ത്രണ്ടാമൻ പാപ്പ, ഔർ ലേഡി ഓഫ് അറേബ്യയെ ഗള്‍ഫ് മേഖലയുടെയും കുവൈറ്റിലെ അപ്പസ്തോലിക് വികാരിയേറ്റിന്റെ സഹായ മധ്യസ്ഥയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക