News - 2025

കാരണം കൂടാതെ സര്‍ക്കാര്‍ വിലക്ക്: അള്‍ജീരിയയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കത്തോലിക്ക സന്നദ്ധ സംഘടന

പ്രവാചകശബ്ദം 29-09-2022 - Thursday

അള്‍ജിയേഴ്സ്: സര്‍ക്കാര്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതോടെ കത്തോലിക്ക ജീവകാരുണ്യ സംഘടനയായ കാരിത്താസ് അള്‍ജീരിയ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി വ്യക്തമാക്കി. അള്‍ജീരിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടിയെന്ന്‍ അള്‍ജിയേഴ്സ് അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയും, അള്‍ജീരിയന്‍ ഡയോസിസന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ പോള്‍ ഡെസ്ഫാര്‍ഗെസ് ഒപ്പിട്ട അറിയിപ്പില്‍ പറയുന്നു. സുമനസ്കരായ ആളുകളുമായി ബന്ധപ്പെട്ട് പതിനായിരങ്ങള്‍ക്ക് ജീവകാരുണ്യ സഹായം ചെയ്തു വരികയായിരിന്ന സംഘടനയ്ക്കു വിലക്കേര്‍പ്പെടുത്തുവാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല.

പാവപ്പെട്ട അള്‍ജീരിയന്‍ ജനതയുടെ സേവനത്തിനായി വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടാണ് മെത്രാപ്പോലീത്തയുടെ അറിയിപ്പ് അവസാനിക്കുന്നത്. കാരിത്താസിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ ആവശ്യപ്പെട്ടതിന്റെ കാരണമൊന്നും അള്‍ജീരിയന്‍ അധികാരികള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും കാരിത്താസ് വിദേശ സന്നദ്ധ സംഘടനയായി കണക്കാക്കപ്പെടുന്നതിനാലുള്ള നിയന്ത്രണമാകാം ഈ നടപടിയെന്ന് റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ കത്തോലിക്കാ സഭയോടുള്ള വിദ്വേഷത്തില്‍ നിന്നും ഉടലെടുത്തതാണ് ഈ നടപടിയെന്നാണ് സഭാ വൃത്തങ്ങള്‍ പറയുന്നത്. കാരിത്താസ് മറ്റുള്ള സംഘടനകളില്‍ നിന്നും വ്യത്യസ്തമാണ് എന്ന കാര്യം അധികാരികള്‍ കണക്കിലെടുത്തില്ല എന്ന് സഭാധികാരികള്‍ ആരോപിച്ചു. 97 ശതമാനവും ഇസ്ലാം മതവിശ്വാസികളുള്ള രാജ്യത്ത് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ടതാണ് കാരിത്താസ് അള്‍ജീരിയ. കുടിയേറ്റക്കാരേയും, രോഗികളേയും, പ്രായപൂര്‍ത്തിയാകാത്തവരേയും തികച്ചും സുതാര്യമായ പദ്ധതികളിലൂടെ സഹായിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഒക്ടോബര്‍ 1നു സംഘടന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കും.

More Archives >>

Page 1 of 793