News - 2025
യുക്രൈനിലെ രക്തസാക്ഷികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 29-09-2022 - Thursday
വത്തിക്കാന്‍ സിറ്റി: റഷ്യ-യുക്രൈൻ യുദ്ധം യുക്രൈനിലെ ജനജീവിതം താറുമാറാക്കുന്ന സാഹചര്യത്തിൽ യുക്രൈനുവേണ്ടി പ്രാർത്ഥിക്കാൻ വീണ്ടും ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. സെപ്റ്റംബർ 28 ബുധനാഴ്ച, വത്തിക്കാനിൽവെച്ച് വിശ്വാസികളുമായി നടത്തിയ പൊതുകൂടിക്കാഴ്ച സമ്മേളനത്തിന്റെ അവസാനത്തിലാണ് അതീവ വേദനകളിലൂടെ കടന്നുപോകുന്ന യുക്രൈനുവേണ്ടി വീണ്ടും ഫ്രാൻസിസ് പാപ്പ സ്വരമുയർത്തിയത്. ലോകം അവഗണിച്ചുതുടങ്ങിയ യുക്രൈനിലെ പരിതാപകരമായ അവസ്ഥയിൽ, സഹനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന യുക്രൈൻ ജനതയെക്കുറിച്ച് ചിന്തിക്കുവാനും, അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു.
യുക്രൈനിലേക്ക് സഹായഹസ്‌തവുമായി നടത്തിയ നാലാമത് യാത്രയ്ക്ക് ശേഷം പാപ്പയുടെ പ്രത്യേക പ്രതിനിധി കർദ്ദിനാൾ ക്രജേവ്സ്‌കി സെപ്റ്റംബർ 28 ബുധനാഴ്ച രാവിലെ തിരികെയെത്തിയതിനെക്കുറിച്ച് സംസാരിച്ച ഫ്രാന്‍സിസ് പാപ്പ, കർദ്ദിനാളിൽനിന്ന്, യുക്രൈനിലെ അതികഠിനമായ സ്ഥിതിഗതികളെക്കുറിച്ച് തനിക്ക് അറിയാൻ കഴിഞ്ഞുവെന്ന് പറഞ്ഞു. ഈയൊരു സാഹചര്യത്തിൽ, നമുക്ക് യുക്രൈനെക്കുറിച്ച് ചിന്തിക്കാമെന്നും, ഈ രക്തസാക്ഷികൾക്കായി പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. യുക്രൈനിലെ ജനത നേരിടുന്ന പ്രതിസന്ധി പൊതുകൂടിക്കാഴ്ച സമ്മേളനങ്ങൾ ഉൾപ്പെടെ സാധിക്കുന്നയിടങ്ങളില്‍ എല്ലാം ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും, പ്രശ്‌നപരിഹാരത്തിനായി പരിശ്രമിക്കുന്നതിലേക്ക് എല്ലാവരെയും ക്ഷണിക്കാനും പാപ്പ പരിശ്രമിക്കുന്നുണ്ട്.
ഫെബ്രുവരി 24 ന് റഷ്യ യുക്രൈനിന്റെ മേല്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. നിരവധി ഉക്രേനിയൻ നഗരങ്ങളാണ് റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശത്തില്‍ തകര്‍ന്നടിഞ്ഞത്. സെപ്റ്റംബര്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 5,996 പേർ കൊല്ലപ്പെടുകയും 8,848 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം റഷ്യ വീണ്ടും ആണവായുധ ഭീഷണി മുഴക്കി. റഷ്യയോടു കൂട്ടിച്ചേർക്കപ്പെടുന്ന ഈ പ്രദേശങ്ങളെ യുക്രൈന്‍ ആക്രമിച്ചാൽ ആണവായുധങ്ങൾ പ്രയോഗിക്കുമെന്നു റഷ്യയുടെ സുരക്ഷാ സമിതി ഉപാധ്യക്ഷൻ ദിമിത്രി മെദ്വെദേവ് ആവര്‍ത്തിച്ചു. അതേസമയം റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു.