News

മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തി

പ്രവാചകശബ്ദം 06-10-2022 - Thursday

മാപുടോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്നു ക്രൈസ്തവരെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. നാക്കാല ബിഷപ്പ് ആല്‍ബെര്‍ട്ടോ വേരാ അരെജൂലായേ ഉദ്ധരിച്ചുക്കൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌' (എ.സി.എന്‍) ആണ് ഇന്നലെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 6ന് എണ്‍പത്തിനാലു വയസ്സു പ്രായമുള്ള ഇറ്റാലിയന്‍ കന്യാസ്ത്രീ അരുംകൊല ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് മൂന്ന്‍ ക്രൈസ്തവര്‍ കൂടി അതിദാരുണമായി കൊല്ലപ്പെട്ടത്. സൈനീക യൂണിഫോമിലെത്തിയ തീവ്രവാദികള്‍ ജനങ്ങളെ ഒരുമിച്ച് കൂട്ടി അതില്‍ നിന്നും ക്രൈസ്തവരെ മാത്രം മാറ്റി നിര്‍ത്തി ഓരോരുത്തരേയായി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിഷപ്പ് വേര എ.സി.എന്നിനോട് വെളിപ്പെടുത്തി.

കൊല്ലപ്പെട്ടവരില്‍ ഒരാളുടെ സഹോദരനാണ് തങ്ങളോട് ഇക്കാര്യം പറഞ്ഞതെന്നും മെത്രാന്‍ വെളിപ്പെടുത്തി. സൈനീക യൂണിഫോമിലെത്തിയ തീവ്രവാദികള്‍ തങ്ങളെ രക്ഷിക്കുവാനാണെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ ഒരുമിച്ച് കൂട്ടുകയായിരുന്നെന്നും, എല്ലാവരും ഒരുമിച്ച് കൂടിക്കഴിഞ്ഞപ്പോള്‍ ആരാണ് മുസ്ലീം, ആരാണ് ക്രിസ്ത്യാനി എന്ന് ചോദിക്കുകയും, ക്രൈസ്തവരെ മാറ്റി നിര്‍ത്തി അവരുടെ കൈകള്‍ പുറകില്‍ ബന്ധിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതില്‍ നിന്നും രക്ഷപ്പെട്ട ക്രൈസ്തവ വിശ്വാസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 6, 7 തിയതികളിലായി മൊത്തം 11 ക്രൈസ്തവരാണ് മൊസാംബിക്കില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 6-ന് വടക്കന്‍ മൊസാംബിക്കിലെ നംബുല പ്രവിശ്യയിലെ ചിപ്പേനിലെ കത്തോലിക്കാ മിഷന്‍ കേന്ദ്രം ആക്രമിച്ച തീവ്രവാദികള്‍ ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ മരിയ ഡി കോപ്പിയെ കൊലപ്പെടുത്തിയതിന് പുറമേ കത്തോലിക്ക മിഷന്‍ ദേവാലയവും, ആരോഗ്യ പരിപാലന കേന്ദ്രവും അഗ്നിക്കിരയാക്കുകയും ചെയ്തു. സിസ്റ്റര്‍ മരിയയെ തനിക്കറിയാമെന്നും, അവര്‍ അമ്മയേപ്പോലെയായിരുന്നെന്നും, ലാളിത്യമാര്‍ന്ന സ്നേഹവും, വിനയവും കൊണ്ട് എല്ലാവരേയും സഹായിച്ചിരുന്ന വ്യക്തിയായിരിന്നുവെന്നും ബിഷപ്പ് വേര സ്മരിച്ചു. സിസ്റ്റര്‍ മരിയയുടേത് രക്തസാക്ഷിത്വമാണോ എന്ന് തീരുമാനിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും കൂട്ടിച്ചേര്‍ത്തു.

പോഷകാഹാര കുറവുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനായി ശ്രമിച്ചു കൊണ്ടിരുന്ന ഒരു നഴ്സായിരുന്നു സിസ്റ്റര്‍ മരിയ. കുട്ടികള്‍ക്ക് വേണ്ട പോഷകാഹാരങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയും തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. ഈ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൊസാംബിക്കില്‍ മതമൗലീകവാദപരമായ അജണ്ടകളുള്ള മുസ്ലീങ്ങള്‍ മോസ്കുകള്‍ സ്ഥാപിക്കുകയും മറ്റ് ഇസ്ലാം മതസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും, യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം സൗഹാര്‍ദ്ദപരമായി ജീവിക്കുകയാണെന്നും ബിഷപ്പ് വേര പറഞ്ഞു. 2017-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ ഏറ്റവും പുതിയ സെൻസസ് പ്രകാരം മൊസാംബിക്കിലെ ജനസംഖ്യയുടെ 59.8% ക്രൈസ്തവരും 18.9% മുസ്ലീങ്ങളുമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »