News - 2025
ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ഇറാനില്‍ തടങ്കലിലാക്കിയ രണ്ട് ക്രൈസ്തവര്‍ക്ക് അപ്രതീക്ഷിത മോചനം
പ്രവാചകശബ്ദം 21-10-2022 - Friday
ടെഹ്റാന്‍: ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന രണ്ട് ക്രൈസ്തവര്‍ക്ക് അപ്രതീക്ഷിത മോചനം. പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിന്ന നാസര്‍ നവാദ് ഗോള്‍-താപെ എന്ന ക്രൈസ്തവ വിശ്വാസി ഇക്കഴിഞ്ഞ തിങ്കളാഴ്ച മോചിതനായപ്പോള്‍, 5 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ടിരുന്ന ഫരീബ ഡാലിര്‍ എന്ന ക്രിസ്ത്യന്‍ വനിത ചൊവ്വാഴ്ചയാണ് മോചിതയായത്. ഈ വര്‍ഷം നടന്ന സമ്മര്‍ ബൈബിള്‍ കോണ്‍ഫറന്‍സില്‍ യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ 'റിലീസ് ഇന്റര്‍നാഷണല്‍' നാസര്‍ നവാദിന്റെ ജീവിതകഥ പങ്കുവെച്ചിരിന്നു. അദ്ദേഹത്തിന്റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ച റിലീസ് ഇന്റര്‍നാഷണല്‍, മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
2016-ല്‍ നടന്ന ഒരു വിവാഹ നിശ്ചയ ചടങ്ങില്‍വെച്ചാണ് നാസര്‍ അറസ്റ്റിലാകുന്നത്. ക്രൂരമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം നിയമപരമല്ലാത്ത ഭവന ആരാധനാ കൂട്ടായ്മക്ക് രൂപം നല്‍കിയതിന്റെ പേരില്‍ രാഷ്ട്ര സുരക്ഷയ്ക്കെക്കെതിരായി പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലില്‍ അടക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ 5 ക്രൈസ്തവര്‍ക്കൊപ്പമാണ് ഫരീബ ദാലിര്‍ അറസ്റ്റിലാകുന്നത്. നാസറിന് ചുമത്തിയ അതേ കുറ്റം ചുമത്തി ഫരീബക് 5 വര്‍ഷത്തേ തടവ് ശിക്ഷ വിധിച്ചിരിന്നു. ഭവനങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേവാലയങ്ങള്‍ക്ക് ഇറാനില്‍ നിയമപരമായ അനുവാദമില്ല. ഭവന കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നവരെ രാഷ്ട്രത്തിന്റെ ശത്രുക്കളായാണ് കണ്ടുവരുന്നത്. കടുത്ത ഇസ്ലാമിക നിയന്ത്രണങ്ങള്‍ ഉള്ള രാജ്യമാണ് ഇറാന്‍.
ഇറാനി സ്ത്രീകള്‍ ഹിജാബിന്റെ പേരില്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് ദേശവ്യാപകമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലാണ് ക്രിസ്ത്യന്‍ വനിതയായ ഫരീബ ദാലിര്‍ മോചിതയായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മഹ്സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തേത്തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ഹിജാബിനെതിരെയുള്ള ജനകീയ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. കടുത്ത മതപീഡനത്തിനാണ് ഇറാനില്‍ ക്രിസ്ത്യാനികള്‍, പ്രത്യേകിച്ച് ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവര്‍ വിധേയരായിക്കൊണ്ടിരിക്കുന്നത്. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരെ അന്യായമായി തടവിലാക്കുന്നത് രാജ്യത്ത് പതിവു സംഭവമാണ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പ്രത്യേകം നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ വിഭാഗത്തില്‍ ഇറാനെ ഉള്‍പ്പെടുത്തിയിരിന്നു.