News

ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി, ചരിത്രം കുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിന് ആരംഭം

പ്രവാചകശബ്ദം 04-11-2022 - Friday

മനാമ: ചരിത്രത്തില്‍ ആദ്യമായി ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ ബഹ്റൈനില്‍. ഇന്നലെ പ്രാദേശിക സമയം 4.45ന് വിമാനമിറങ്ങിയ മാർപാപ്പയെ സ്വീകരിക്കാൻ ബഹ്റൈന്‍ രാജാവിന്റെ പ്രതിനിധികളും കത്തോലിക്കാ സഭയുടെ പ്രതിനിധികളും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. 'സന്മനസുള്ളവർക്ക് സമാധാനം' എന്ന ആപ്ത വാക്യവുമായി ബഹ്റൈനിലെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. സകീര്‍ കൊട്ടാരത്തില്‍ ഭരണാധികാരി ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവ് പാപ്പയെ സ്വീകരിച്ചു.

കൊട്ടാര വീഥിയില്‍ ഉടനീളം നൂറുകണക്കിന് ആളുകള്‍ പതാക വീശിയും ഗാനങ്ങള്‍ ആലപിച്ചും ആവേശപൂര്‍വ്വം നിലകൊണ്ടിരിന്നു. മാർപാപ്പയുടെ സന്ദർശനം ചരിത്രപരവും അനുഗ്രഹീതവുമാണെന്ന് ബഹ്‌റൈൻ രാജാവ് ഹമദ് പറഞ്ഞു. ഗൾഫിലെയും അറബ് മേഖലയിലെയും വിശ്വാസികളുടെയും ഹൃദയത്തിൽ വലിയ ധാർമ്മികവും ആത്മീയവുമായ പൈതൃകം അവശേഷിപ്പിക്കുമെന്നും രാജാവ് പറഞ്ഞു. മൂന്ന് വർഷത്തിനിടെ തന്നെ രണ്ടാമത്തെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്‌റൈനിൽ എത്തിയതിൽ പാപ്പ അതീവ സന്തോഷം പ്രകടിപ്പിച്ചു.

സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും ആത്മാവിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട ആളുകളെയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന തന്റെ ബഹ്‌റൈൻ സന്ദർശനത്തെ “സൗഹൃദത്തിന്റെ യാത്രയിലെ പ്രധാനപ്പെട്ട ഘട്ടം” എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. മരുഭൂമിയിലെ വൃക്ഷം പോലെ ആഴത്തിൽ വേരോട്ടമുള്ള ജീവന്റെ വൃക്ഷമാകാൻ മാർപാപ്പ ലോക സമൂഹത്തോട് ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ ഭീകരത വരുത്തിവെയ്ക്കുന്ന ദോഷങ്ങളെ കുറിച്ചും പാപ്പ വാചാലനായി. എല്ലാ യുദ്ധവും നാശത്തിൽ മാത്രമേ കലാശിച്ചിട്ടുള്ളൂ. യുദ്ധങ്ങൾ സത്യത്തിന്റെ മരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഭരണ നയതന്ത്ര മേഖലകളിലുള്ളവരുമായും പാപ്പ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരിന്നു. പാപ്പയുടെ ബഹ്‌റൈൻ സന്ദർശനം ആറു വരെ നീളും.

More Archives >>

Page 1 of 801