News - 2025
ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് പറഞ്ഞ സക്കിർ നായിക്കിന് ലോകത്തിന്റെ മറുപടി; ആശംസ പ്രവാഹത്തിന് ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു
പ്രവാചകശബ്ദം 25-12-2022 - Sunday
ദോഹ: ലോകം ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ക്രിസ്തുമസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് പറഞ്ഞ വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കിർ നായിക്കിന് ലോകത്തിന്റെ മറുപടി. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നാണ് സക്കിർ നായിക്കിന്റെ ക്രിസ്തുമസ് സംബന്ധിച്ച പോസ്റ്റില്‍ പറഞ്ഞിരിന്നത്.
എന്നാല്‍ പോസ്റ്റിന് പിന്നാലെ ലോകമെമ്പാടുമുള്ള സമൂഹം ക്രിസ്തുമസ് ആശംസകളും തിരുപിറവിയുടെ ഓര്‍മ്മകള്‍ സൂചിപ്പിച്ചുമുള്ള കുറിപ്പുകളും കൊണ്ട് രംഗത്തു വരികയായിരിന്നു. ക്രിസ്തുമസ് ആശംസകള്‍ ലക്ഷകണക്കിന് കമന്റുകള്‍ പിന്നിട്ടതോടെ സക്കീർ നായിക് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു. ''അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല''- സക്കിർ നായിക് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
എന്നാല്‍ സക്കിര്‍ നായിക്കിന്‍റെ പോസ്റ്റില്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഈ പോസ്റ്റിനെതിരെ പ്രതികരണമുയര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ പോസ്റ്റ് അപ്രത്യക്ഷമായി. ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന വിധത്തില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള വിവാദ പ്രാസംഗികനാണ് സക്കിർ നായിക്.