News

പ്രധാനമന്ത്രിയുമായി മാർ ആൻഡ്രൂസ് താഴത്തിന്റെ കൂടിക്കാഴ്ച; പാപ്പയുടെ ഇന്ത്യ സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് മോദി

പ്രവാചകശബ്ദം 21-12-2022 - Wednesday

ദില്ലി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ)യുടെ പുതിയ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മാർപാപ്പയുടെ ഇന്ത്യ സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ പതിനൊന്നിനാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെയും വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്റെയും സാന്നിധ്യത്തിലാണ് സിബിസിഐ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത്. പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ചർച്ചയിൽ മാർപാപ്പയുടെ ഇന്ത്യ സന്ദർശനമാണ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമായും ഉന്നയിച്ചത്. ക്രിസ്ത്യന്‍ സഭ സ്ഥാപനങ്ങളുടെ പൊതുവായ വിഷയങ്ങളും ചർച്ചയായി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നു പ്രധാനമന്ത്രി നരേന്ദ്ര മോദി, വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. കൂടിക്കാഴ്ച വേളയില്‍ മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് വ്യക്തമാക്കി. മുന്‍പ് പലതവണ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നു മാര്‍പാപ്പ തുറന്നുപറഞ്ഞിരിന്നു. ഇതിനായി കേന്ദ്രത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സി‌ബി‌സി‌ഐ ശ്രമം നടത്തിയെങ്കിലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പറഞ്ഞു മാര്‍പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ര്‍ശ​ന​ത്തി​ന് കേന്ദ്രസ​ര്‍ക്കാ​ര്‍ വിലങ്ങു തടയിടുകയായിരിന്നു.

2017 ല്‍ അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും പിന്നീട് ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് - മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു.

More Archives >>

Page 1 of 809