Faith And Reason - 2024

''ക്രിസ്തുമസ് അത്ഭുതം?''; യുക്രൈനിലെ ദേവാലയത്തെ ലക്ഷ്യമാക്കി വർഷിച്ച ബോംബുകൾ നിർവീര്യം

പ്രവാചകശബ്ദം 28-12-2022 - Wednesday

കെർസൺ: ഡിസംബർ 23 വെള്ളിയാഴ്ച യുക്രൈനിലെ കെർസൺ നഗരത്തെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ബോംബ് ആക്രമണം ദേവാലയത്തില്‍ അത്ഭുതകരമായി നിർവീര്യമായതായി റിപ്പോര്‍ട്ട്. പലരും ക്രിസ്തുമസ് അത്ഭുതമായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അക്രമണം നടന്ന ദിവസം നിരവധി വിശ്വാസികൾ ദേവാലയത്തിൽ ഉണ്ടായിരുന്നു. ഒരു ബോംബ് നിലത്ത് വീണ് രണ്ടായി മുറിഞ്ഞു പോയെന്നും മറ്റൊരു ബോംബ് ഭിത്തിയിൽ തട്ടി നില്‍ക്കുകയായിരിന്നെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഒഡെസ്സ- സിംഫേറോപ്പോൾ മെത്രാൻ സ്റ്റാനിസ്ലോവ് സോക്കോറാഡിയുക്ക് ഡിസംബർ 24നു അർപ്പിച്ച ക്രിസ്തുമസ് കുർബാനയിൽ നൽകിയ സന്ദേശത്തിൽ സംഭവം പരാമർശിച്ചിരുന്നു. കെർസൺ നഗരത്തിൽ വെള്ളിയാഴ്ചകളിൽ വെള്ളവും, ബ്രഡും മാത്രം പ്രഭാതഭക്ഷണമായി കഴിച്ച് സൈനികരുടെ വിജയത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന ധാരാളം പേർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിൽ തുടർച്ചയായി ബോംബ് വർഷിക്കപ്പെട്ടു. രൂപതയുടെ ഭാഗമായ കെർസൺ നഗരത്തിൽ ഉൾപ്പെടെ നടന്ന നിരവധി അത്ഭുത സംഭവങ്ങൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്ന് ബിഷപ്പ് സ്റ്റാനിസ്ലോവ് പറഞ്ഞു. അന്ന് ദേവാലയത്തിന് നേരെ നടന്ന ബോംബ് ആക്രമണത്തിന് ശേഷം വൈദികർ വിളിച്ച്, നടന്ന കാര്യം പറഞ്ഞുവെന്നും, സീലിങ്ങിൽ ദ്വാരം ഉണ്ടാക്കിയതല്ലാതെ ബോംബുകൾ പൊട്ടിയില്ലെന്നും, ഇത് ദൈവത്തിന്റെ കൃപയാണെന്നും അദ്ദേഹം പറഞ്ഞു. നാം ദൈവത്തോട് പ്രാർത്ഥിക്കുകയും ദൈവത്തിൽ പ്രത്യാശ അർപ്പിക്കുകയും ചെയ്തതിനാൽ ദൈവം ബോംബുകളെ നിയന്ത്രിക്കുമെന്നതാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു. ഈ വര്‍ഷം ഫെബ്രുവരി 24നു യുക്രൈനും, റഷ്യയും തമ്മിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ നിരവധി തവണ അഭ്യർത്ഥന നടത്തിയിട്ടുണ്ട്.

More Archives >>

Page 1 of 80