Faith And Reason - 2024

ക്രിസ്തുമസ് നാളിൽ തടവറയിൽ നീറുന്ന ഓർമകളുമായി പാക്ക് ക്രൈസ്തവ വനിത

പ്രവാചകശബ്ദം 26-12-2022 - Monday

ലാഹോര്‍: ക്രിസ്തുമസിനെ ആഹ്ലാദത്തോടെ ലോകമെമ്പാടുമുള്ള സമൂഹം വരവേല്‍ക്കുമ്പോള്‍ നീറുന്ന ഓർമ്മകളുമായി തടവറയിൽ കഴിയുകയാണ് പാക്കിസ്ഥാനി സ്വദേശിയായ ഷഗുഫ്ത കിരൺ എന്ന ക്രൈസ്തവ വനിത. വാട്സാപ്പിലൂടെ അയച്ച സന്ദേശത്തിൽ മതനിന്ദ കുറ്റത്തിന്റെ പരിധിയിൽ വരുന്ന ഉള്ളടക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടുവർഷം മുന്‍പാണ് അവരെ അധികൃതർ ജയിലിൽ അടച്ചത്. രണ്ട് കുട്ടികളുള്ള ഷഗുഫ്ത കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ ഇത് രണ്ടാം തവണയാണ് ക്രിസ്തുമസ് ആചരിക്കുന്നത്. തന്റെ ശാരീരിക, മാനസിക അവസ്ഥ പരിമിതമാണെന്നു വെളിപ്പെടുത്തി അഭിഭാഷകർ വഴി അവർ കുട്ടികൾക്ക് കത്തയച്ചിരുന്നു.

വേർപിരിഞ്ഞ് കഴിയാൻ ഇനി ഒട്ടും തന്നെ സാധിക്കില്ലെന്നും, ഒരുമിക്കാൻ പൂർണ്ണഹൃദയത്തോടെ ആഗ്രഹിക്കുന്നുവെന്നും കത്തിൽ പറയുന്നു. കുടുംബമായി ഒരുമിച്ച്, ഇനിയും ക്രിസ്തുമസ് ആഘോഷിക്കാൻ അവസരം തരണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതായി ഷഗുഫ്തയുടെ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. അമ്മ തിരിച്ചു വരുന്നതും കാത്ത് കണ്ണീരോടെ കുട്ടികളും കാത്തിരിക്കുകയാണ്. സുഹൃത്തുക്കളും, ബന്ധുക്കളും അവരെ നോക്കാൻ ഒപ്പം ഉണ്ടെങ്കിലും വലിയ മാനസിക പിരിമുറുക്കത്തിലൂടെയാണ് കുട്ടികൾ കടന്നുപോകുന്നത്.

ലോകമെമ്പാടുമുള്ള കുടുംബങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ, നിരവധി നിരപരാധികളാണ് പാക്കിസ്ഥാനിൽ തടവറയിൽ ഈ സമയം കഴിയുന്നതെന്ന് വോയിസ് ഓഫ് ജസ്റ്റിസ് എന്ന സർക്കാർ ഇതര സംഘടനയുടെ അധ്യക്ഷൻ ജോസഫ് ജാൻസൺ 'ഏജൻസിയ ഫിഡെസ്' എന്ന മാധ്യമത്തോട് പറഞ്ഞു. തടവറയിൽ കഴിയുന്ന ഷഗുഫ്തയുടെയും മറ്റ് ചില ക്രൈസ്തവരുടെയും പേരുകൾ പരാമർശിച്ച അദ്ദേഹം വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ മതനിന്ദാ നിയമത്തെ പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. നിരപരാധികളാണെന്ന് തെളിയിക്കാനും, കുറ്റവിമുക്തരായി തീരാനും നിരവധി വർഷങ്ങൾ ജയിലിൽ കഴിയേണ്ടതായി വരുന്നു.

ഇത് അവരുടെ ജീവിതം തന്നെ നശിപ്പിക്കുന്നു. ഒരു ക്രൈസ്തവ വിശ്വാസിയായതിനാലാണ് ഷഗുഫ്തയ്ക്ക് നേരെ ആരോപണം ഉണ്ടായതെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ജോസഫ് ജാൻസൺ, മതനിന്ദാ നിയമത്തിന്റെ ദുരുപയോഗം തടയാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. വ്യാജ മതനിന്ദ കുറ്റം ആരോപിച്ച് എട്ട് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ആസിയ ബീബി എന്ന ക്രൈസ്തവ വനിതയ്ക്കു ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ധത്തെ തുടര്‍ന്നു മോചനം ലഭിച്ചിരിന്നു. എന്നാല്‍ ഇതേ തുടര്‍ന്നു രാജ്യത്തു വന്‍ കലാപമാണ് അരങ്ങേറിയത്.

More Archives >>

Page 1 of 79