Arts

ഭ്രൂണഹത്യ നിലപാടിനെ തിരുത്തിക്കുറിച്ച വിധിയ്ക്കു ശേഷമുള്ള ആദ്യ മാർച്ച് ഫോർ ലൈഫ് റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍

പ്രവാചകശബ്ദം 21-01-2023 - Saturday

വാഷിംഗ്ടണ്‍ ഡി‌.സി: ജനുവരി 20നു അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽവെച്ച് നടന്ന അൻപതാമത് മാർച്ച് ഫോർ ലൈഫ് റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഭ്രൂണഹത്യ നിലപാടിനെ തിരുത്തിക്കുറിച്ച വിധിയ്ക്കു ശേഷമുള്ള ആദ്യ മാർച്ച് ഫോർ ലൈഫ് റാലിയ്ക്കാണ് അമേരിക്ക ഇത്തവണ വേദിയായതെന്നാണ് ശ്രദ്ധേയമാകുന്നത്. പ്രോലൈഫ് മുദ്രാവാക്യങ്ങളും, പ്ലക്കാർഡുകളുമായി അവർ 3.2 കിലോമീറ്റർ നീണ്ടുകിടന്ന പാതയിലൂടെ കാപ്പിറ്റോളിന് സമീപത്തേക്ക് നടന്നു നീങ്ങി. 1973ല്‍ അമേരിക്കൻ സുപ്രീംകോടതി റോ വെസ് വേഡ് കേസിലെ വിധിയിലൂടെ ഭ്രൂണഹത്യ നിയമവിധേയമാക്കിയതിനുശേഷം ആരംഭിച്ചതാണ് മാർച്ച് ഫോർ ലൈഫ് റാലി.

കഴിഞ്ഞ വർഷം ജൂൺ മാസം ഭ്രൂണഹത്യക്ക് ഭരണഘടനാപരമായ സാധുത ഇല്ലെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപനം വന്നതിനുശേഷം നടന്ന ആദ്യത്തെ മാർച്ച് ഫോർ ലൈഫ് റാലിയെന്ന പ്രത്യേകത വെള്ളിയാഴ്ചത്തെ റാലിക്ക് ഉണ്ടായിരുന്നു. നാഷ്ണൽ മാളിന്റെ വിവിധ സ്ഥലങ്ങളിൽ പ്രോലൈഫ് റാലിയിൽ പങ്കെടുക്കാൻ എത്തിയവർ ഒരുമിച്ച് കൂടി. അതേസമയം പ്രതിഷേധവുമായി ഏതാനും ഭ്രൂണഹത്യ അനുകൂലികൾ സുപ്രീംകോടതിയുടെ പരിസരത്തേക്ക് എത്തിയിരുന്നു. റാലിയിൽ ആവേശം വളരെ പ്രകടമായിരിന്നുവെന്നു സ്റ്റുഡൻസ് ഫോർ ലൈഫ് എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നിന്റെ അധ്യക്ഷ ക്രിസ്റ്റൻ ഹോക്കിൻസ് പറഞ്ഞു.

ഭ്രൂണഹത്യ ഇല്ലാത്ത ഒരു ഭാവിയിലേക്ക് റോ വെസ് വേഡ് കേസിന്റെ അന്ത്യം നമ്മെ എത്തിക്കുന്നുവെന്നുള്ള ഒരു പ്രതീതി നിലനിൽക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അമേരിക്കയിൽ ഉടനീളം ഭ്രൂണഹത്യ നിരോധിക്കാൻ വേണ്ടിയുള്ള ആദ്യത്തെ നടപടിയെന്നാണ് മാർച്ചിൽ പങ്കെടുത്ത പലരും റോ വെസ് വേഡ് കേസിലെ സുപ്രീം കോടതി വിധിയെ വിശേഷിപ്പിച്ചത്. ഈ കേസിലെ വിധിയോടുകൂടി ഭ്രൂണഹത്യയിൽ തീരുമാനമെടുക്കാനുള്ള അവകാശം സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് കൈമാറിയിരിക്കുകയാണ്.

More Archives >>

Page 1 of 51