News

കത്തോലിക്ക സന്നദ്ധ സംഘടനയ്ക്കും കത്തോലിക്ക സര്‍വ്വകലാശാലകള്‍ക്കും വിലക്കിട്ട് നിക്കരാഗ്വേ ഭരണകൂടം

പ്രവാചകശബ്ദം 09-03-2023 - Thursday

മനാഗ്വേ: നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസിനും, രണ്ട് പ്രമുഖ കത്തോലിക്ക സര്‍വ്വകലാശാലകള്‍ക്കും വിലക്കേര്‍പ്പെടുത്തി. മനാഗ്വേയിലെ ജോണ്‍ പോള്‍ രണ്ടാമന്‍ സര്‍വ്വകലാശാലയും, ലിയോണ്‍ നഗരത്തിലെ സ്വയംഭരണാവകാശമുള്ള ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റി ഓഫ് നിക്കരാഗ്വേ (യുകാന്‍) സര്‍വ്വകലാശാലയുമാണ്‌ അടച്ചുപൂട്ടിയതെന്ന് നിക്കരാഗ്വേന്‍ ദിനപത്രമായ ‘ലാ ഗാസെറ്റാ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു സര്‍വ്വകലാശാലകളുടെയും ഭൂസ്വത്ത് പിടിച്ചെടുക്കുവാന്‍ അധികാരികള്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഘടനയുടെ നിയമപരമായ വ്യക്തിത്വം നഷ്ടപ്പെട്ടുവെന്ന യുക്തിരഹിതമായ ആരോപണം ഉന്നയിച്ചാണ് ആയിരങ്ങള്‍ക്ക് അത്താണിയായിരിന്ന കാരിത്താസിന് വിലക്കിട്ടത്. എന്നാല്‍ ‘കാരിത്താസ് സ്വയം പിരിച്ചുവിടുകയായിരുന്നു’ എന്നാണ് നിക്കരാഗ്വേന്‍ ഭരണകൂടം പറയുന്നത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടന്നുവരുന്നത്. “ദശലക്ഷകണക്കിന് ദരിദ്രരുടെ ഏക ആശ്രയമായ കാരിത്താസിന്റെ പ്രാദേശിക വിഭാഗങ്ങള്‍ ഏകാധിപത്യ ഭരണകൂടം അടച്ചു പൂട്ടി” എന്ന വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ബിഷപ്പ് റോളണ്ടോ അല്‍വാരെസിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യുന്നതിനും വിലക്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2019 മുതല്‍ ഡാനിയല്‍ ഒര്‍ട്ടേഗയുടേയും, വൈസ് പ്രസിഡന്റും, പത്നിയുമായ റൊസാരിയോ മുറില്ലോയുടേയും നേതൃത്വത്തിലുള്ള നിക്കരാഗ്വേന്‍ ഭരണകൂടം കത്തോലിക്കാ സഭയെ ശക്തമായി അടിച്ചമര്‍ത്തി വരികയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഏകാധിപത്യ ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചിരുന്ന മതഗല്‍പ്പ മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചതിനെതിരെ നിരവധി രാഷ്ട്രങ്ങള്‍ രംഗത്ത് വന്നിരുന്നു. ഭരണകൂടത്തിന്റെ വധഭീഷണിയേത്തുടര്‍ന്ന്‍ അമേരിക്കയില്‍ പ്രവാസിയായി കഴിയുന്ന മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ബയെസിന്റെ പൗരത്വവും റദ്ദ് ചെയ്തിട്ടുണ്ട്.

വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളെ 2022-ലും, കഴിഞ്ഞ 20 വര്‍ഷങ്ങളായി നിക്കരാഗ്വേയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുവാന്നിരുന്ന ട്രപ്പിസ്റ്റ് സന്യാസിനികളെ ഈ മാസവും ഭരണകൂടം രാജ്യത്തു നിന്നും പുറത്താക്കിയിരുന്നു. നിരവധി കത്തോലിക്കാ മാധ്യമസ്ഥാപനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം മാധ്യമപ്രവര്‍ത്തകരെ എകാധിപത്യ ഭരണകൂടം നാടുകടത്തിയിട്ടുണ്ടെന്നാണ് പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.

Tag: Nicaragua regime shuts country’s largest Catholic charity, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 827