News - 2024

സ്വവര്‍ഗ്ഗാനുരാഗ അനുകൂല സുപ്രീം കോടതി വിധിക്കെതിരെ കെനിയന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 12-03-2023 - Sunday

നെയ്റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ സ്വവര്‍ഗ്ഗാനുരാഗികളായ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വീര്‍ (എല്‍.ജി.ബി.ടി.ക്യു) പ്രചാരക സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിച്ച സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി കെനിയയിലെ കത്തോലിക്ക മെത്രാന്‍ സമിതി. എല്‍.ജി.ബി.ടി.ക്യു അസോസിയേഷന്റെ രജിസ്ട്രേഷന്‍ സ്വവര്‍ഗ്ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും അത് ഭരണഘടനക്കും, കെനിയന്‍ ജനതയുടെ ധാര്‍മ്മികതക്കും വിരുദ്ധമാണെന്നും കത്തോലിക്ക മെത്രാന്‍ സമിതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു. സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നും, നിയമവിരുദ്ധവും അധാര്‍മ്മികവുമായ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയെ അസാധുവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

കോടതിയുടെ തീരുമാനം തെറ്റാണ്, ജീവിതത്തെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന എല്‍.ജി.ബി.ടി.ക്യു ആശയം പ്രചരിപ്പിക്കുവാനുള്ള ശ്രമമാണിത്. മനുഷ്യരാശിക്കെതിരേയുള്ള ആക്രമണമാണിത്. മനുഷ്യരാശിയുടെ സ്വാഭാവിക പ്രകൃതത്തില്‍ വേരൂന്നിയ കുടുംബം, സാംസ്കാരിക മൂല്യങ്ങള്‍ തുടങ്ങിയവയെ തകര്‍ക്കുവാനുള്ള ശ്രമമാണ് ഈ പ്രത്യയശാസ്ത്രമെന്നും, ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളുടെ കാതലായ ജീവന്റെ അന്തസ്സിന്റെ അടിവേരിന് ഇത് കത്തിവെക്കുമെന്നും കെനിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റ് ബിഷപ്പ് മാര്‍ട്ടിന്‍ കിവുവ പറഞ്ഞു.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

കുടുംബ മൂല്യങ്ങളേയും, ക്രിസ്തീയ അന്തസ്സിനേയും നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന സ്വവര്‍ഗ്ഗാനുരാഗ പ്രചാരണത്തിനെതിരെ കെനിയന്‍ ജനത ഉറച്ചുനില്‍ക്കണമെന്നും ഈ ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സ്ഥാപനങ്ങളും, സംഘടനകളും രംഗത്ത് വരണമെന്നും മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ‘നാഷണല്‍ ഗേ ആന്‍ഡ്‌ ലെസ്ബിയന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷ’നെ (എന്‍.ജി.എല്‍.എച്ച്.ആര്‍.സി) ഒരു സര്‍ക്കാരേതര സന്നദ്ധ സംഘടനയായി രജിസ്റ്റര്‍ ചെയ്യുവാന്‍ അനുവദിച്ചുകൊണ്ട് കെനിയയിലെ അപെക്സ് കോടതി വിധി പ്രഖ്യാപനം നടത്തിയത്.

More Archives >>

Page 1 of 828